വ്യാജരേഖാ കേസിൽ പ്രതിയായ ജെയിൻ ഡീംഡ് ടുബി യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫിന് ഇഷ്ടദാനമായി സർകാർ പദവി നൽകിയത് മന്ത്രി ഷിബു ബേബി ജോൺ. ടോം ജോസഫും മന്ത്രി ഷിബുവും സിനിമാ നിർമാണത്തിൽ പങ്കാളികളായിരുന്നു. കഴിഞ്ഞ വർഷം റിലീസായ ദാവീദ് എന്ന ചിത്രത്തിൻ്റെ നിർമാണത്തിനായാണ് ഇരുവരും ഒന്നിച്ചത്. സിനിമാ നിർമ്മാണ രേഖയിൽ ഷിബു ബേബി ജോണിൻ്റെ മകൻ്റെ പേര് ആണെങ്കിലും ഫലത്തിൽ ഇവരെല്ലാം തമ്മിൽ വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നതെന്ന് വ്യക്തമാണ്. ജോൺ & മേരി ക്രിയേറ്റീവ് എന്നാണ് നിർമ്മാണ കമ്പനിയുടെ പേര്. ഈ ബന്ധത്തിലാണ് ജെയിൻ ഡീംഡ് ടുബി യൂണിവേഴ്സിറ്റി ഡയറക്ടർ മന്ത്രി ഷിബു ബേബി ജോൺ പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി നൽകിയത് എന്നും വ്യക്തമാകുന്നു.
ടോം ജോസഫിന് KASE ഡയറക്ടർ സ്ഥാനം നൽകിയ വിഷയം വിവാദമായിട്ടും മന്ത്രി ഷിബു ബേബി ജോൺ ഇതുവരെ പുനഃപരിശോധനയ്ക്ക് തയ്യാറായിട്ടില്ല. വ്യാജ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ പ്രതിയെ ഷിബു ബേബി ജോൺ ചുമതല വഹിക്കുന്ന തൊഴിൽ – നൈപുണ്യ വകുപ്പിന് കീഴിലെ കെഎഎസ്ഇയിൽ ഡയറക്ടർ ആക്കി നിയമിച്ചതിൻ്റെ രേഖകൾ നേരത്തെ റിപ്പോർട്ടർ പുറത്ത് വിട്ടിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ടോം ജോസഫ് 2012ലാണ് അറസ്റ്റിലായത്. കേസിന്റെ വിചാരണ അനന്തമായി നീളുന്നതിനിടയിലാണ് സർക്കാർ നിയമനം. ടോം ജോസഫിന്റെ തട്ടിപ്പിന്റെ വ്യാപ്തി ചെറുതല്ല. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ടോം ജോസഫ് അറസ്റ്റിലായത് 2012-ലാണ്. ജാമ്യത്തിലിറങ്ങിയ ശേഷം ടോം ബേബി എന്ന പേര് ഇയാൾ രേഖകളിൽ നിന്ന് മാറ്റി ടോം എം ജോസഫ് എന്നാക്കി. ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടറാകാനായിരുന്നു പേരുമാറ്റം. 2018ലാണ് ഇയാൾ ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടറാകുന്നത്. യൂണിവേഴ്‌സിറ്റി രേഖകളിലും പേര് ടോം എം ജോസഫ് എന്നാണ്.
ജെയിൻ യൂണിവേഴ്‌സിറ്റി നൽകിയ ‘പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവി’ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കെണിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രൊഫസർ ഓഫ് പ്രാക്ടീസ് പദവിയുമായി ബന്ധപ്പെട്ടുള്ളത് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പാലിക്കാൻ കഴിയാത്ത ചട്ടങ്ങളും വ്യവസ്ഥകളുമാണ്. ഈ പദവി വഹിക്കുമ്പോൾ അധ്യാപനം, കരിക്കുലം രൂപീകരണം അടക്കമുള്ള ചുമതലകൾ നിർവ്വഹിക്കണമെന്നാണ് വ്യവസ്ഥ. യുജിസി ചട്ടപ്രകാരം വേതനം വാങ്ങാനും വ്യവസ്ഥയുണ്ട്. എന്നാൽ ഈ വ്യവസ്ഥ പ്രകാരം പ്രതിഫലം വാങ്ങിയാൽ ‘ഓഫീസ് ഓഫ് പ്രോഫിറ്റ്’ പ്രശ്‌നം വരും.
മന്ത്രി കെ എം ഷാജിയുടെ യൂറോപ്യൻ യാത്രയിലും ഇതേ ടോം ജോസഫിന്റെ സാന്നിധ്യമുണ്ടായിരുന്നു. ജെയിൻ യൂണിവേഴ്‌സിറ്റി പരിപാടികളിൽ യുഡിഎഫ് മന്ത്രിമാർ ഉൾപ്പെടെ സ്ഥിരസാന്നിധ്യമാണ്. കരിക്കുലം പരിഷ്കരണം ജെയിൻ യൂണിവേഴ്‌സിറ്റി ലീഡ് ചെയ്യണമെന്ന് ജൂലൈ 12-ന് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു.















