കാനറ ബാങ്കിൽ ഗ്രാജുവേറ്റ് അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറത്തിറങ്ങി. ആകെ 3,500 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മലയാളം ഭാഷ അറിയാവുന്നവർക്ക് കേരളത്തിലും ലക്ഷദ്വീപിലുമുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഇതിനായി അപേക്ഷിക്കാം. ഒക്ടോബർ 01 മുതൽ ഒക്ടോബർ 17 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പ്രധാന വിവരങ്ങൾ
സ്ഥാപനം: കാനറ ബാങ്ക്
തസ്തിക: ഗ്രാജുവേറ്റ് അപ്രന്റീസ്
ആകെ ഒഴിവുകൾ: 3,500
പ്രായപരിധി: 2026 സെപ്റ്റംബർ 1-ന്റെ കണക്കുപ്രകാരം 20 വയസിനും 28 വയസിനും ഇടയിലായിരിക്കണം.
പരിശീലന കാലയളവ്: 12 മാസം
സ്റ്റൈപൻഡ്: പ്രതിമാസം 16,650 രൂപ
അപേക്ഷാ ഫീസ്: എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല. മറ്റുള്ളവർക്ക് 500 രൂപയാണ് ഫീസ്.
വിദ്യാഭ്യാസ യോഗ്യത: കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള ഏതെങ്കിലും സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. തത്തുല്യ യോഗ്യതകളും സ്വീകാര്യമാണ്. 2023 ജനുവരി 01-നും 2026 സെപ്റ്റംബർ 01-നും ഇടയിലുള്ള കാലയളവിലാണ് ഉദ്യോഗാർത്ഥികൾ ബിരുദം പാസായിരിക്കേണ്ടത് (ഈ തീയതികൾ ഉൾപ്പെടെ).
ഭാഷാ വൈദഗ്ധ്യവും മറ്റ് നിബന്ധനകളും: അപേക്ഷിക്കുന്ന പ്രാദേശിക ഭാഷ 10-ാം ക്ലാസിലോ 12-ാം ക്ലാസിലോ പഠനവിഷയമാക്കിയതായി സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റ് ഉള്ളവർ പ്രത്യേക ഭാഷാ പരീക്ഷ എഴുതേണ്ടതില്ല. അല്ലാത്തവർ പ്രാദേശിക ഭാഷാ പരീക്ഷയിൽ വിജയിക്കേണ്ടതുണ്ട്. കൂടാതെ ബാങ്കിന്റെ നിബന്ധനകൾ പ്രകാരം ഉദ്യോഗാർത്ഥികൾ മെഡിക്കൽ ഫിറ്റ്‌നസ് ഉള്ളവരായിരിക്കണം.
തിരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ ഇല്ലാതെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പന്ത്രണ്ടാം ക്ലാസ് (HSC/10+2) അല്ലെങ്കിൽ ഡിപ്ലോമ പരീക്ഷയിലെ മാർക്കിന്റെ ശതമാനം പരിഗണിച്ചാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. തുല്യ മാർക്ക് വരുന്ന പക്ഷം പ്രായം കൂടുതലുള്ളവർക്ക് മുൻഗണന ലഭിക്കും. തുടർന്ന് രേഖാ പരിശോധനയും ഭാഷാ പരിശോധനയും പൂർത്തിയാക്കിയാകും അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ ആദ്യം NATS പോർട്ടൽ (nats.education.gov.in) വഴി രജിസ്റ്റർ ചെയ്ത് പ്രൊഫൈൽ സൃഷ്ടിക്കേണ്ടതാണ്. തുടർന്ന് ലഭിക്കുന്ന എൻറോൾമെന്റ് നമ്പർ ഉപയോഗിച്ച് അപേക്ഷാ നടപടികൾ പൂർത്തിയാക്കാം.















