മാസപ്പടി കേസിൽ ഇ.ഡി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇ ഡി ശുപാർശ ചെയ്തത്.
ഇ ഡി നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി എഫ് ഐ ആർ ഇട്ട് കേസെടുത്തില്ലെന്ന് കാണിച്ച് അഭിഭാഷകനായ കെ എം ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചത്.
അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കേസെടുക്കാവുന്ന തരത്തിലുള്ള വിവരങ്ങൾ ഇ ഡി കൈമാറിയിട്ടും സർക്കാർ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെയുള്ള ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണം നിയമവിരുദ്ധമാണ്.
വിജിലൻസ് ഡയറക്ടർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നൽകിയ പരാതികളിൽ സമയബന്ധിതമായി നടപടി ഉണ്ടായില്ല. രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള ഉത്തരവ് റദ്ദാക്കി അന്വേഷണം വിജിലൻസിന് കൈമാറണമെന്നും, ഉടൻ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണമെന്നമാണ് ഷാജഹാന്‍റെ ഹർജിയിലെ ആവശ്യം.