മദ്യപിച്ച് വാഹനം ഓടിച്ച് മറ്റു വാഹനങ്ങളില്‍ ഇടിച്ച് അപകടം ഉണ്ടാക്കിയെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യൂ ട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ നിന്ന് രണ്ട് മദ്യക്കുപ്പികള്‍ പോലീസ് പിടികൂടി. മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനും മദ്യപിച്ച് വാഹനം ഒടിച്ചതിനുമായി രണ്ടു കേസുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. അശാന്ത് കോക്കിന്റെ ഡ്രൈവിംഗ് ലൈസന്‍സ് കട്ട് ചെയ്യുമോ എന്നതാണ് ഇനി അറിയേണ്ടത്. മോട്ടോര്‍ വാഹന വകുപ്പ് നടപടി എടുക്കുമെന്നാണ് സൂചന. പിടികൂടിയ മദ്യക്കുപ്പികള്‍ സാമ്പിള്‍ പരിശോധനയ്ക്കായ.ി ശേഖരിച്ചിട്ടുണ്ട്. വാങ്ങിയ മദ്യത്തിന്റെ ബില്‍ അടക്കമുള്ള രേഖകളും വാഹനത്തില്‍ ഉണ്ടായിരുന്നു.
മദ്യലഹരിയില്‍ ഓടിച്ച വാഹനം തട്ടിയ രണ്ടു വാഹനങ്ങളുടെ ഉടമകളാണ് പരാതി പൊലീസില്‍ നല്‍കിയത്. രണ്ടിലേറെ വാഹനങ്ങളില്‍ അശ്വന്തിന്റെ വാഹനം തട്ടിയതായി നാട്ടുകാര്‍ പറയുന്നെങ്കിലും മറ്റാരും പരാതിയുമായി വന്നില്ല. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ധരാത്രിക്കു ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ അശ്വന്തിനെ വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കുടുതല്‍ അന്വേഷണം നടത്തുകയാണ്. മദ്യലഹരിയില്‍ അശ്വന്ത് രണ്ടു വാഹനങ്ങളില്‍ സ്വന്തം വാഹനം ഇടിച്ചു കേടുപാടുകള്‍ വരുത്തുകയും റോഡരികില്‍ നിന്ന ഒരാളെ ഇടിച്ചതില്‍ നിസ്സാര പരുക്കുപറ്റുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
പൊതുറോഡുകളിലെ അശ്രദ്ധമായ വാഹനമോടിക്കലും അതുമൂലമുണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട നിയമവകുപ്പുകളായ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 281, 125 (എ) വകുപ്പുകളും മോട്ടര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 185 പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട കേസുമാണ് അശ്വന്തിനെതിരെ ചുമത്തിയിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് ഏഴിനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപം അശ്വന്ത് ഓടിച്ച വാഹനം മറ്റു വാഹനങ്ങളില്‍ ഇടിച്ച് അപകടം ഉണ്ടായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് അശ്വന്തിനെ വാഹനത്തിനു പുറത്തിറക്കിയത്. തുടര്‍ന്ന് ബീച്ച് ആശുപത്രിയില്‍ എത്തിച്ച വൈദ്യപരിശോധന നടത്തിയ ശേഷം നടക്കാവ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.















