പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും പദവിയിൽ നിന്ന് രാജിവെക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. അതേസമയം, ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരായ സംയുക്ത നീക്കങ്ങളും തുടർപ്രതിഷേധങ്ങളും ചർച്ച ചെയ്യുന്നതിനായി ഇൻഡ്യാ സഖ്യ നേതാക്കൾ ഇന്ന് യോഗം ചേരും.
പുതിയ ഇംപീച്ച്മെൻറ് നോട്ടീസ് അടക്കമുള്ള തുടർനടപടികൾ ചർച്ച ചെയ്ത് തീരുമാനിച്ചേക്കും. ഗുരുതരാരോപണങ്ങൾക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ്ണ യോഗം ചേർന്ന് തർക്കവിഷയങ്ങൾ ഉൾപ്പടെ ചർച്ച ചെയ്ത് തീരുമാനങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കെട്ടടങ്ങിയിരുന്നില്ല.
രാജ്യമൊട്ടാകെ ഇപ്പോഴും പ്രതിഷേധം ഇരമ്പുകയാണ്. കേന്ദ്രസർക്കാരിന്റെ പൂർണ്ണപിന്തുണയുള്ളതിനാൽ താൻ സുരക്ഷിതനാണെന്നാണ് ഗ്യാനേഷ് കുമാറിന്‍റെ വിലയിരുത്തൽ.
എന്നാൽ, പദവിയിൽ നിന്നും താഴെയിറങ്ങുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ന് ചേരുന്ന ഇൻഡ്യാ സഖ്യയോഗം വിശാല ഐക്യത്തോടെ ഗ്യാനേഷിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും എങ്ങനെ പ്രതിഷേധിക്കാമെന്ന് ചർച്ച ചെയ്യും .















