ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലുള്ള പാൽമൈദാൻ പ്രദേശത്ത് സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരൻ മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയെ വധിച്ചു. പുലർച്ചെ നടന്ന തിരച്ചിലിൽ ഇയാളുടെ മൃതദേഹത്തോടൊപ്പം വൻ ആയുധശേഖരവും സുരക്ഷാ സേന കണ്ടെടുത്തു.
മൂസയുടെ കൊലപാതകം ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈന്യവും മറ്റ് സുരക്ഷാ ഏജൻസികളും ചേർന്ന് യൂസ്മാർഗ് പ്രദേശത്ത് ആരംഭിച്ച ‘ഓപ്പറേഷൻ കൊറാഗ്’ എന്ന സംയുക്ത തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.
മുമ്പ് പാകിസ്ഥാന്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിൽ പാരാ-കമാൻഡോ ആയി സേവനമനുഷ്ഠിച്ചിരുന്ന ആളാണ് കൊല്ലപ്പെട്ട ഹാഷിം മൂസ എന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു. 2025-ൽ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിൽ ഒരാളാണ് ഇയാൾ.
ആക്രമണത്തിന് ശേഷം മൂസ ഉൾപ്പെടെയുള്ള എൽഇടി ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ജമ്മു കശ്മീർ പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.















