Kerala

വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടർ വില കൂട്ടി

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു . 62.50 രൂപയാണ് വർധിപ്പിച്ചത്. ഡൽഹിയിൽ വില 2,810 രൂപയായി. കഴിഞ്ഞ മാസം 9.50 രൂപ കൂട്ടിയിരുന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ, വാണിജ്യ ആവശ്യങ്ങൾക്ക് ഗ്യാസ് ഉപയോഗിക്കുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവയെ വിലവര്‍ധനവ് ബാധിക്കും. അതേസമയം, 14.2 കിലോഗ്രാം വരുന്ന ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല എന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്.

ഡൽഹിയിൽ, 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില സെപ്റ്റംബറിൽ 2,747.50 രൂപയായിരുന്നു. ഒക്ടോബർ 1 മുതൽ വില 2,810 രൂപയായി ഉയർന്നു. അതായത് ഉപഭോക്താക്കൾ സിലിണ്ടറിന് 62.50 രൂപ കൂടുതൽ നൽകേണ്ടിവരും. മുംബൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 2,701 രൂപയിൽ നിന്ന് 2,764 രൂപയായി ഉയർന്നു. 63 രൂപയാണ് കൂടിയത്. ചെന്നൈയിൽ 19 കിലോഗ്രാം സിലിണ്ടറിന് 2,983 രൂപയാണ് ഇന്നത്തെ വില. സെപ്റ്റംബറിൽ 2,916.50 രൂപയായിരുന്നു.