വസ്ത്രധാരണത്തെ അധിക്ഷേപിച്ച വ്യക്തിക്ക് സോഷ്യൽ മീഡിയയിൽ കുറിക്കുകൊള്ളുന്ന മറുപടിയുമായി അവതാരകയും ഇൻഫ്ലുവൻസറുമായ അപർണ തോമസ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് താഴെ വന്ന അധിക്ഷേപ കമന്റിനാണ് അപർണ തക്കതായ മറുപടി നൽകിയത്.
‘ഇതിലും ഭേദം ഒന്നും ഇടാതെ നടക്കുന്നതായിരുന്നു’ എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായി ‘അടുത്ത തവണ ആവട്ടെ’ എന്നായിരുന്നു അപർണയുടെ കമന്റ്.
വസ്ത്രധാരണവും ബോഡി ഷെയ്‌മിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേരത്തെയും അപർണ ഇത്തരത്തിൽ മറുപടി നൽകിയിട്ടുണ്ട്. ജീവയുമായി വേർപിരിഞ്ഞ ശേഷം അപർണ തന്‍റെ ജോലി മാറ്റങ്ങളെക്കുറിച്ചും അനുഭവങ്ങളെ കുറിച്ചും അടുത്തിടെ തുറന്നെഴുതിയിരുന്നു.
മാധ്യമരംഗം മുതൽ എയർ ഹോസ്റ്റസ് വരെയുള്ള ജോലിയെക്കുറിച്ചും, നിലവിൽ ഫുൾടൈം കൺടെന്റ് ക്രിയേറ്ററായ ജീവിതത്തെക്കുറിച്ചും വളരെ സത്യസന്ധമായാണ് അപർണ ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്.
നാല് വർഷത്തോളം ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്ത്, ഭയമില്ലാതെ ആകാശത്ത് പറന്ന ആളായിരുന്നു താനെന്നും എന്നാൽ ഇന്ന് ചെറിയൊരു വിമാന കുലുക്കം ഉണ്ടായാൽ പോലും ജീവിതത്തിലെ തീരുമാനങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താറുണ്ടെന്നും അപർണ പറഞ്ഞിരുന്നു.
ഇക്കണോമിക്‌സിൽ രണ്ട് ബിരുദങ്ങൾ കൈവശമുണ്ടെങ്കിലും അവയൊന്നും കരിയറിൽ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. പത്ത് വർഷമായിട്ടും അതിലൊരു സർട്ടിഫിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് വാങ്ങിയിട്ടുപോലുമില്ലെന്ന് അപർണ വെളിപ്പെടുത്തി.
സ്വന്തം കഴിവുകൾ പൂർണമായി പുറത്തെടുക്കാൻ സാധിക്കാതെ പോകുമോ എന്ന ഭയം പ്രായം കൂടുന്തോറും കൂടുന്നുണ്ടെങ്കിലും, തന്‍റെ ജീവിതവഴികളെ ഏറെ സ്നേഹിക്കുന്നുണ്ടെന്നാണ് അപർണ പറഞ്ഞത്.