ഖത്തറിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നിശ്ചിത പ്രദേശങ്ങളിൽ ഡ്രോണുകൾ പറത്തുന്നതിന് ആഭ്യന്തര മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കിയ ഈ പുതിയ ക്രമീകരണങ്ങൾ ഇതിനോടകം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഡ്രോണുകൾ പറത്താൻ അനുമതിയുള്ള മേഖലകളും സമയവും ഇനി മുതൽ ‘മെട്രാഷ്’ ആപ്പ് വഴി വളരെ എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കും.
സൂര്യോദയം മുതൽ രാവിലെ ഒമ്പത് മണി വരെയും, ഉച്ചയ്ക്ക് രണ്ട് മണി മുതൽ സൂര്യാസ്തമയം വരെയുമുള്ള സമയങ്ങളിൽ മാത്രമാണ് നിലവിൽ അനുമതിയുള്ളത്.
ലൈസൻസിൽ വ്യക്തമാക്കിയിട്ടുള്ള ആവശ്യങ്ങൾക്കായി മാത്രമേ ഡ്രോണുകൾ ഉപയോഗിക്കാവൂ എന്ന് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈ സമയപരിധിയോ നിശ്ചിത മേഖലകളോ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.