വേനൽക്കാല ഉച്ചവിശ്രമ നിയമം ലംഘിച്ച കമ്പനികൾക്കെതിരെ കർശന നടപടിയുമായി ഖത്തർ തൊഴിൽ മന്ത്രാലയം. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ 388 നിർമ്മാണ സൈറ്റുകൾ അധികൃതർ താത്കാലികമായി അടപ്പിച്ചു.
ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയായിരുന്നു പുറംജോലികൾക്ക് ഉച്ചവിശ്രമ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
രാവിലെ 10:00 മണി മുതൽ ഉച്ചതിരിഞ്ഞ് 3:30 വരെ തുറസ്സായ സ്ഥലങ്ങളിലെ ജോലിക്ക് വിലക്കുണ്ടായിരുന്നു.
മൂന്നര മാസം നീണ്ട കാലയളവിൽ തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി തൊഴിൽ മന്ത്രാലയം 1,638 പരിശോധനകളാണ് നടത്തിയത്.
മിന്നൽ പരിശോധനകളിൽ ആകെ 644 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. പരിശോധനകൾക്ക് പുറമെ 522 ഫീൽഡ് സന്ദർശനങ്ങളും 30 സെമിനാറുകളും സംഘടിപ്പിച്ചു. 1,072 മാർഗ്ഗനിർദ്ദേശ ഗൈഡുകൾ വിതരണം ചെയ്യുകയും 3,555 ആളുകളിലേക്ക് സുരക്ഷാ സന്ദേശങ്ങൾ എത്തിക്കുകയും ചെയ്തു. പദ്ധതിയുമായി 55 കമ്പനികൾ പൂർണ്ണമായി സഹകരിച്ചതായും അധികൃതർ അറിയിച്ചു.















