ഹരിയാണയിലെ ഫരീദാബാദിൽ പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റർ ഫരീദാബാദ് മേഖലയിൽ കഴിഞ്ഞ ഓഗസ്റ്റ് 24-നായിരുന്നു സംഭവം. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസന്വേഷണവും അറസ്റ്റും രേഖപ്പെടുത്തിയത്.
ട്യൂഷൻ ക്ലാസ് കഴിഞ്ഞശേഷം പതിനാറുകാരനായ ആൺസുഹൃത്തിനൊപ്പം ഗ്രേറ്റർ ഫരീദാബാദ് മേഖലയിലെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് എത്തിയതായിരുന്നു പെൺകുട്ടി.
ഈ സമയം ഇരുവരെയും പിന്തുടർന്നെത്തിയ സംഘം കെട്ടിടത്തിനുള്ളിൽ വെച്ച് പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിന് നേരെയും അതിക്രമം നടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സംഭവത്തിനുശേഷം പ്രതികൾ നൽകിയ ഭീഷണികാരണം കുട്ടികൾ വിവരം പുറത്തുപറയാൻ തയ്യാറായിരുന്നില്ല. പിന്നീട് പെൺകുട്ടി മാനസിക പ്രയാസങ്ങളും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കാര്യം അന്വേഷിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. ആറുപേരടങ്ങുന്ന സംഘത്തിലെ മൂന്ന് പ്രതികളെയാണ് നിലവിൽ പോലീസ് പിടികൂടിയിട്ടുള്ളത്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.















