മലയാളികൾക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് സാന്ദ്ര എമി. ലോഹിതദാസ് സംവിധാനം ചെയ്ത ‘കസ്തൂരിമാൻ’ എന്ന ചിത്രത്തിലെ ഷീല പോൾ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരം, പിന്നീട് തമിഴ് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും റിയാലിറ്റി ഷോകളിലുമായി സജീവ സാന്നിധ്യമായി മാറി. നടൻ പ്രജിൻ ആണ് സാന്ദ്രയുടെ ഭർത്താവ്. ക്യാമറയ്ക്ക് മുന്നിൽ എപ്പോഴും പുഞ്ചിരിയോടെ കണ്ടിരുന്ന സാന്ദ്രയുടെ വ്യക്തിജീവിതം എന്നാൽ കടുത്ത വേദനകളും ഏകാന്തതയും നിറഞ്ഞതായിരുന്നു. മാതാപിതാക്കളുടെ വേർപിരിയലും പ്രിയപ്പെട്ട സഹോദരന്റെ അകാല വിയോഗവും സാന്ദ്രയെ വലിയ മാനസിക ആഘാതത്തിലാഴ്ത്തിയിരുന്നു.
ഇപ്പോഴിതാ, ജീവിതത്തിൽ താൻ അനുഭവിച്ച കടുത്ത അവഗണനകളെയും സ്വന്തം അമ്മയിൽ നിന്നുണ്ടായ വേദനിപ്പിക്കുന്ന പ്രതികരണങ്ങളെയും കുറിച്ച് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാന്ദ്ര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഏറ്റവും കൂടുതൽ തുണ ആവശ്യമായിരുന്ന നിർണായക ഘട്ടങ്ങളിലൊന്നും അമ്മ കൂടെയുണ്ടായിരുന്നില്ലെന്ന് സാന്ദ്ര വേദനയോടെ ഓർക്കുന്നു.
“മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. ചേട്ടൻ ജോലി ചെയ്താണ് പഠിച്ചത്. ആ സമയത്താണ് ഞങ്ങളെ തനിച്ചാക്കി അമ്മ കുവൈറ്റിലേക്ക് പോയത്. വർഷങ്ങൾക്ക് ശേഷം സ്വന്തം ജീവിതം സുരക്ഷിതമായപ്പോഴാണ് അമ്മ തിരികെ വന്നത്. എന്നാൽ ആ തിരിച്ചുവരവ് ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞില്ല. കാരണം, എനിക്ക് അമ്മയുടെ സാന്നിധ്യം അത്യാവശ്യമായിരുന്ന ഒരിടത്തും അമ്മ കൂടെയുണ്ടായിരുന്നില്ല.” ഇരട്ടക്കുട്ടികൾ വയറ്റിൽ വളരുമ്പോഴും താൻ അനുഭവിച്ച നിസ്സഹായാവസ്ഥ സാന്ദ്ര പങ്കുവെച്ചു: “ഗർഭിണിയായപ്പോൾ എനിക്ക് ഒറ്റയ്ക്ക് കാര്യങ്ങൾ നോക്കാൻ കഴിയില്ലായിരുന്നു. ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത അവസ്ഥ. കുറച്ചുനാൾ എന്റെ കൂടെ വന്ന് നിൽക്കാമോ എന്ന് ഞാൻ അമ്മയോട് അപേക്ഷിച്ച് ചോദിച്ചു. എന്നാൽ പറ്റില്ലെന്നായിരുന്നു മറുപടി. അമ്മയ്ക്ക് സ്വന്തം ജോലിയും സ്വന്തം സുരക്ഷിതത്വവുമായിരുന്നു വലുത്, ഞങ്ങളെ ഓർത്തില്ല. പിന്നീട് ബിഗ് ബോസ് തമിഴ് ഷോയിലേക്ക് അവസരം വന്നപ്പോൾ ഇരട്ടക്കുഞ്ഞുങ്ങളെ ആരെ വിശ്വസിച്ച് ഏൽപ്പിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. കുട്ടികളെ നോക്കാൻ സഹായത്തിന് ജോലിക്കാരിയെ തരാം, അമ്മ ഒപ്പമിരുന്നാൽ മതിയെന്ന് പറഞ്ഞിട്ടും അമ്മ നിരസിച്ചു.”
സാമ്പത്തികമായി തകർന്ന ഘട്ടത്തിൽ കുടുംബങ്ങളിൽ നിന്നുണ്ടായ അവഗണനയും സാന്ദ്രയെ വല്ലാതെ തളർത്തി. “പ്രജിന്റെ കുടുംബവും ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ കണ്ടപ്പോൾ അകന്നുനിന്നു. അമ്മയും ഇതിന്റെ പേരിൽ തന്നെയാണ് ഒപ്പം നിൽക്കാതിരുന്നത്. വലിയ കടബാധ്യതകൾ വന്ന പ്രതിസന്ധി ഘട്ടത്തിൽ ഞാൻ അമ്മയെ വിളിച്ചപ്പോൾ, ‘എന്റെയടുത്തേക്ക് വരരുത്, നിന്റെ പ്രശ്നങ്ങൾ എന്റെ തലയിലേക്ക് ഇടരുത്’ എന്നാണ് പറഞ്ഞത്. സ്വന്തം അമ്മയുടെ ആ വാക്കുകൾ എന്നെ ആഴത്തിൽ മുറിവേൽപ്പിച്ചു,” സാന്ദ്ര പറഞ്ഞു. ഈ കഠിനമായ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നുള്ള ഏക പിടിവള്ളിയായാണ് താൻ ബിഗ് ബോസ് ഷോയിലേക്ക് പോയതെന്നും സാന്ദ്ര വ്യക്തമാക്കി.
`