പാർട്ടി ഭാരവാഹികളുടെ സാമ്പത്തിക ഇടപാടുകളിൽ കർശന നിയന്ത്രണം കൊണ്ടുവരണമെന്ന് സി.പി.എം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിനിധികളുടെ ആവശ്യം.
സഹകരണ ബാങ്ക് പ്രവർത്തനങ്ങളിൽ പല നേതാക്കൾക്കും വീഴ്ച ഉണ്ടാകുന്നുവെന്നും നേതാക്കളുടെ മനോഭാവവും ഇടപെടലുമാണ് കനത്ത പരാജയത്തിന് കാരണമെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
കോട്ടയം ജില്ലയിൽ സംഘടനാ പ്രവർത്തനത്തിന്റെ ശക്തി കുറഞ്ഞതായും വിമർശനമുണ്ടായി. ജില്ലയിൽ കേരള കോൺഗ്രസ് എമ്മിന് അമിത പ്രാധാന്യം നൽകിയതും തിരിച്ചടിയായി.
ജില്ലയിൽ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് തോറ്റത് നേതൃത്വത്തിന്റെ വീഴ്ചയാണ്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തി കുറയുകയാണെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. ഇന്നും പൊതു ചർച്ച തുടരും. ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും ചില മാറ്റങ്ങൾ ഉണ്ടായേക്കും.