പാർട്ടിയിലെ സംഘടനാരംഗത്തെ തെറ്റുതിരുത്തലും സ്വയംവിമർശനവും ലക്ഷ്യമിട്ടുള്ള സി.പി.എം പാലക്കാട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം ഇന്നും നാളെയുമായി (രണ്ടു ദിവസങ്ങളിലായി) പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ നടക്കും. രാവിലെ 9:30-ന് മുതിർന്ന നേതാവ് പി. ഉണ്ണി പതാക ഉയർത്തുന്നതോടെ നടപടികൾ ആരംഭിക്കും.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ലാ നേതാക്കൾ ഉൾപ്പെടെ 125 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ഇടതുവിരുദ്ധ തരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് കാര്യമായ പോറലേൽക്കാതെ കോട്ട കാത്തത് പാലക്കാട് ജില്ലാ നേതൃത്വത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. എങ്കിലും പാർട്ടി അണികൾക്കിടയിലും പൊതുസമൂഹത്തിലും ഉയർന്നുവന്ന ഗുരുതരമായ ആരോപണങ്ങൾ യോഗത്തിൽ വലിയ രീതിയിൽ ചർച്ചയാകും.
പാർട്ടി ഭരിക്കുന്ന ചേർപ്പുളശ്ശേരി അർബൻ ബാങ്കിലും ഷൊർണൂർ അർബൻ ബാങ്കിലും നടന്ന വൻ വായ്പാ തട്ടിപ്പുകളും സാമ്പത്തിക ക്രമക്കേടുകളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. തട്ടിപ്പുകൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ നേതൃത്വം മടിക്കുന്നുവെന്ന് പാർട്ടിക്കുള്ളിൽ തന്നെ കടുത്ത അമർഷമുണ്ട്. ചില ജില്ലാ കമ്മിറ്റിയംഗങ്ങൾ നടത്തുന്ന സാമൂഹ്യവിരുദ്ധബന്ധങ്ങളും അനാവശ്യ ഇടപെടലുകളും യോഗത്തിൽ ചർച്ചയാകും. നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന ആരോപണം അണികൾക്കിടയിൽ ശക്തമാണ്.















