ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യത്തിൽ നിയമപരമായ പരിശോധനകൾ നടക്കുകയാണെന്നും, അവരെ എന്നേക്ക് തിരിച്ചയക്കുമെന്നതിൽ കൃത്യമായ സമയപരിധി പറയാൻ കഴിയില്ലെന്നും ബംഗ്ലദേശിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് ത്രിവേദി. ധാക്കയിൽ ഒരു തിങ്ക് ടാങ്ക് സംഘടിപ്പിച്ച ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ആർക്കും ഒരു സമയപരിധി നൽകാൻ കഴിയില്ല. ഇന്ത്യ സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നത് പോലെ, ഇതിന് കൃത്യവും ഘടനാപരവുമായ നിയമപരമായ നടപടിക്രമമുണ്ട്. 2024 ഓഗസ്റ്റിൽ നടന്ന ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് ഭരണം തകർന്നതോടെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. ഹസീനയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിൽ ഇന്ത്യക്ക് യാതൊരു പങ്കുമില്ലെന്ന് ത്രിവേദി പറഞ്ഞു. ബംഗ്ലദേശ് സൈനിക വിഭാഗത്തിന്റെ അകമ്പടിയോടെ ബംഗ്ലദേശ് വിമാനത്തിലാണ് അവരെ ഇന്ത്യയിലെത്തിച്ചത്. ആ സമയത്ത് ഹസീന ബംഗ്ലദേശിന്റെ പ്രധാനമന്ത്രിയായിരുന്നു. ഹസീനയുടെ വിമാനത്തിന് ഇന്ത്യ പ്രവേശനം നിഷേധിച്ചിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന അനിശ്ചിതാവസ്ഥ ആലോചിച്ചു നോക്കൂ എന്ന് ബംഗ്ലദേശിലുണ്ടായ നിർഭാഗ്യകരമായ സാഹചര്യങ്ങളെ ചൂണ്ടിക്കാട്ടി ദിനേഷ് ത്രിവേദി പറഞ്ഞു.















