ഇടിമിന്നലേറ്റ് കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്ന് വൈകിട്ടോടെ കോട്ടയം മേലമ്പാറയിലുള്ള ഉടമസ്ഥന്റെ വീട്ടിൽ വെച്ചാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ 25 വർഷമായി ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു പല്ലാട്ട് ബ്രഹ്മദത്തൻ. ആന പ്രേമികളുടെ പ്രിയപ്പെട്ടവൻ … ഉടമസ്ഥരായ പല്ലാട്ടുകുടുംബത്തിന്റെ കണ്ണിലുണ്ണി ഇങ്ങിനെയൊരു വിയോഗം പല്ലാട്ട് ബ്രഹ്മദത്തന് ഉണ്ടാകുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. വൈകിട്ട് കുളിപ്പിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. മഴയ്ക്ക് ഒപ്പം ശക്തമായി വന്ന ഇടിമിന്നൽ ബ്രഹ്മദത്തനും ഏൽക്കുയായിരുന്നു. പരുക്ക് മാത്രമാണ് ഉണ്ടായതെന്നാണ്
ആദ്യം കരുതിയത്. എന്നാൽ പിന്നിട് അനക്കമില്ലാതായതോടെ മൃഗഡോക്ടർ എത്തി
പരിശോധിച്ചു. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവം നടക്കുബോൾ പ്രിയപ്പെട്ട ഉടമസ്ഥൻ രാജേഷും വീട്ടിലുണ്ടായിരുന്നു. നേരത്തെ പ്രിയപ്പെട്ട പാപ്പാനായ ദാമോദരൻ മരിച്ചപ്പോൾ അവിടെ എത്തി പുഷ്പാർച്ചന നടത്തിയത് ഏവരുടെയും മനം കവർന്നിരുന്നു. അത്രമാത്രം മനുഷ്യരുമായി അടുത്തിണങ്ങി നിന്ന കൊമ്പൻ കൂടിയാണ് ബ്രഹ്മദത്തൻ. അരുണാചൽ വനങ്ങളിൽ നിന്ന് ബ്രഹ്മദത്തനെ കേരളത്തിലെത്തിച്ചത് . കഴിഞ്ഞ 25 വർഷമായി കേരളത്തിലുണ്ടായിരുന്ന ബ്രഹ്മദത്തൻ തൃശൂർ പൂരത്തിൽ പാറമേക്കാവ് ദേവിയുടെ തിടമ്പേറ്റിയിട്ടുണ്ട്. കൂടാതെ വിവിധ ഉത്സവങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു.















