തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് കുത്തനെ വർധിപ്പിച്ചു. അദാനി ഗ്രൂപ്പ് നിരക്കുകൾ ഉയർത്തിയതോടെ വിമാനത്താവളത്തിലെത്തുന്ന കാബ് നിരക്കുകൾ വർധിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഫീസ് വർധിപ്പിച്ചു. പുതുക്കിയ നിരക്കുപ്രകാരം യാത്രക്കാരെക്കൊണ്ടുപോകാൻ അറൈവൽ ടെർമിനലിലെ പിക്കപ് സോണിൽ എത്തുന്ന ക്യാബുകൾക്ക് എട്ട് മിനിറ്റുവരെ 180 രൂപയാണ് ഈടാക്കുന്നത്.
9 മിനിറ്റ് മുതൽ അരമണിക്കൂർവരെ 200 രൂപ. യാത്രക്കാരെ ഇറക്കാൻ ഡിപ്പാർച്ചർ ടെർമിനലിൽ എത്തുന്ന ക്യാബുകൾക്ക് എട്ട് മിനിറ്റുവരെ 50 രൂപയും 30 മിനിറ്റ് വരെ 200 രൂപയുമാണ് നിരക്ക്.
സ്വകാര്യ വാഹനങ്ങൾക്ക് എട്ട് മിനിറ്റ് വരെ ഫീസ് ഈടാക്കില്ല. 9 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ 150 രൂപ. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോയ്ക്കും ആദ്യ എട്ട് മിനിറ്റിന് 50 രൂപയാണ്. പ്രധാനപാതയിൽനിന്നുള്ള കവാടത്തിലാണ് പ്രവേശന ടിക്കറ്റ് നൽകുന്നത്.
ഇവിടെനിന്ന് ടെർമിനലിന് മുന്നിലെത്തി യാത്രക്കാരെ ഇറക്കുകയോ കയറ്റുകയോ ചെയ്‌തശേഷം എട്ടുമിനിറ്റിനുള്ളിൽ പുറത്തിറങ്ങുക പ്രായോഗികമല്ല. മാത്രമല്ല, പുറത്തേക്കിറങ്ങുന്ന കവാടത്തിലും വാഹനങ്ങളുടെ നീണ്ടനിരയുണ്ടാകും.
ഇതോടെ സ്വകാര്യവാഹനങ്ങളടക്കം ഫീസ് നൽകേണ്ടിവരും. എയർപോർട്ടിലെ രജിസ്റ്റേഡ് ടാക്‌സികൾക്ക് ബാധകമാകില്ല. വിമാനത്താളത്തിൽനിന്ന് റെയിൽവേ സ്റ്റേഷൻ, കെഎസ്‌ആർടിസി സ്റ്റാൻഡ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ചെറിയ ട്രിപ്പുകൾക്ക് ഇൗടാക്കുന്ന തുകയുടെ 50 ശതമാനത്തോളം വിമാനത്താവള ഫീസായി ചെലവാകും.
ഇതോടെ, ക്യാബ് നിരക്കുകൾ വർധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. ഇതിന്റെ ബാധ്യത യാത്രക്കാർക്കാകും. വിമാനത്താവളത്തിന്റെ ഇതര വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിരക്ക് വർധന.















