കളമശ്ശേരിയില്‍ ഇങ്ങനെയൊക്കെ നടക്കുമോ. കഴിഞ്ഞ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയുടെ മണ്ഡലം കൂടിയാണ്. വ്യവസായങ്ങള്‍ ഇങ്ങനെയൊക്കെ നടന്നാല്‍, സ്ത്രീകള്‍ക്ക് മണ്ഡലത്തില്‍ സൈ്വരം ഉണ്ടാകില്ലെന്നുറപ്പ്. കളമശ്ശേരിയില്‍ ഒരു സ്പായില്‍ നടന്ന കൂട്ട ബലാത്സംഘത്തിന്റെ ചുരുളഴിയുന്നത്, സ്പായുടെ മറവിലെ മാംസക്കച്ചവടവും നീലച്ചിത്ര നിര്‍മ്മാണവും നടത്തുന്ന മാഫിയയുടെ ചിത്രം. ഈ മാസം ആദ്യം നടന്ന ഒരു സംഭവത്തിനു പിന്നാലെ പോലീസ് പോയപ്പോഴാണ് സ്പായുടെ പിന്നില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ന്നത്. വിവാഹിതയായ ഒരു സ്ത്രീയെ ബലാത്സംഘം ചെയ്യാന്‍ നേതൃത്വം കൊടുത്തവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇവര്‍ക്ക് മയക്കു മരുന്നുകളും മദ്യവും അതുപോലുള്ള വസ്തുക്കളും നല്‍കിയാണ് മണിക്കൂറുകളോളം സ്പായില്‍ ഇവരെ ബലാത്സംഘത്തിന് വിധേയമാക്കിയത്. ഒ.എല്‍.എക്‌സില്‍ കണ്ട പരസ്യത്തെ തുടര്‍ന്ന് സ്പായില്‍ പേഴ്‌സണല്‍ മാനേജറുടെ വേക്കന്‍സിക്കായി വിളിച്ചു ചോദിക്കുകയും തുടര്‍ന്ന് സ്പാ അധികൃതര്‍ പറഞ്ഞതനുസരിച്ച് ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ പോയി. ഇന്റര്‍വ്യൂ നല്ലരീതിയില്‍ കഴിഞ്ഞു. തുടര്‍ന്ന് പിറ്റേ ദിവസം ഈ യുവതിയെ സ്പായുമായി ബന്ധപ്പെട്ട് ഒരു പാര്‍ട്ടി നടക്കുന്നുണ്ടെന്നും അതില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടു. അവിടെ വെച്ച് അവര്‍ ചെയ്യേണ്ട ജോലിയെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കൈമാറാമെന്നും അറിയിച്ചു. സ്പായിലെ മറ്റു സ്ത്രീ ജീവനക്കാരും ഉണ്ടാകുമെന്നും സുരക്ഷിത ആയിരിക്കുമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യുവതി പാര്‍ട്ടിക്ക് പോകുന്നത്.
അങ്ങനെ സ്പായിലെ ഒരു ജീവിനക്കാരി അടക്കം ചിലര്‍ ഒരുക്കിയ ട്രാപ്പില്‍ ഇവര്‍ വീണു. സ്ഥലത്തെത്തിയ യുവതിക്ക് ആദ്യം നിര്‍ബന്ധിച്ച് ബിയര്‍ കുടിക്കാന്‍ നല്‍കി. അതിനുശേഷം ലഹരി കലര്‍ത്തിയ മറ്റെന്തോ പാനീയം കൂടി കുടിക്കാന്‍ നല്‍കി. ഇത് കുടിക്കാന്‍ വിസമ്മതിച്ച യുവതിയെ നിര്‍ബന്ധിച്ച് കുടിപ്പിച്ചതായി സൂചനയുണ്ട്. പിറ്റേന്ന് രാവിലെ ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താന്‍ ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം യുവതിക്ക് ബോധ്യപ്പെട്ടത്. ലഹരിയുടെ സ്വാധീനത്തില്‍ തടവില്‍ പാര്‍പ്പിച്ചായിരുന്നു പീഡനം. തടവില്‍ പാര്‍പ്പിച്ച് കൂട്ടബലാത്സംഗം ചെയ്തവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് യുവതി ഉറപ്പിച്ചു പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു.
പ്രതികളിലൊരാള്‍ സ്ത്രീയാണോ അതോ ബൈസെക്ഷ്വല്‍ സ്വഭാവമുള്ള വ്യക്തിയാണോ എന്ന കാര്യത്തില്‍ ശക്തമായ സംശയമുണ്ടെന്നും കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. സംഭവം നടന്ന ശേഷം ഭയചകികതയായ യുവതിയുടെ കൂട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അക്രമത്തിന് ഇരയായ യുവതിക്ക് പോലീസില്‍ മൊഴി നല്‍കാനോ പരാതി നല്‍കാനോ പാകമായ മാനസികാവസ്ഥ ഇല്ലായിരുന്നു എന്ന് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. ഭര്‍ത്താവിനൊപ്പം എറണാകുളത്താണ് യുവതി താമസിക്കുന്നത്. ജോലി തേടി എറണാകുളത്തെത്തിയ യുവതി പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഒ.എല്‍.എക്സിലെ പരസ്യം കണ്ടാണ് സ്പായിലെ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്.
കേസിലെ പ്രതികളിലൊരാള്‍ക്ക് എറണാകുളത്ത് മാത്രം നാല് സ്പാകള്‍ ഉള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ മുന്‍പ് ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും വന്‍ സെക്സ് റാക്കറ്റിന്റെ ഭാഗമാണോയെന്നും പോലീസ് കൃത്യമായി പരിശോധിച്ചു വരികയാണ്. ലൈംഗിക പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോഴും ആശുപത്രിയില്‍ തീവ്രപരിചരണത്തില്‍ തുടരുകയാണ്. മാനസികാഘാതത്തില്‍ നിന്നും ശാരീരിക ബുദ്ധിമുട്ടുകളില്‍ നിന്നും മോചിതയായ ശേഷമേ യുവതിയുടെ പൂര്‍ണ്ണമായ മൊഴിയെടുക്കാന്‍ സാധിക്കൂ. ഇടപ്പള്ളിയിലെ ഒരു ലോഡ്ജിലെത്തിച്ചാണ് യുവതിയെ പ്രതികള്‍ പീഡനത്തിന് ഇരയാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ കാര്‍ത്തികപ്പള്ളി എരിക്കാവ് എസ്.ആര്‍ നിവാസില്‍ ശ്രീരാജ് (30), തൃക്കാക്കര തേവയ്ക്കല്‍ കുതിരപ്പറമ്പില്‍ ജിത്ത് മാര്‍ട്ടിന്‍ (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ സ്പാകളുടെ ആവശ്യക്കാര്‍ക്ക് യുവതികളെ എത്തിച്ചുനല്‍കുന്ന വലിയൊരു പെണ്‍വാണിഭ സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് ഉറപ്പിച്ചുപറയുന്നു. കളമശേരി ഇന്‍സ്പെക്ടര്‍ എ.എല്‍. അഭിലാഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ രാംലാല്‍, വി.എസ്. ബിനു, സി.പി.ഒമാരായ ലിബിന്‍ കുമാര്‍, സിജില്‍ സുരേഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൂടുതല്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സി.കെ. ബിജോയ് ചന്ദ്രന്‍ അറിയിച്ചു.















