പുട്ടിനും ചപ്പാത്തിക്കുമൊക്കെ കൂട്ടായി കടലക്കറിയും ഉണ്ടാക്കാറില്ലേ. ചിലപ്പോഴൊക്കെ ഈ കറി മിച്ചംവരാറുമുണ്ടാകും. ഇങ്ങനെ ബാക്കിവരുന്ന കറി നിങ്ങൾ എന്താണ് ചെയ്യാറ്? കളയുകയാണോ? എന്നാലിനി ബാക്കിവന്ന കടലക്കറി കളയേണ്ട. ഇതുകൊണ്ട് നല്ല ഹൈ-പ്രോട്ടീൻ കബാബ് ഉണ്ടാക്കാം. എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ കബാബ് റെസിപ്പി ഇതാ.
ചേരുവകൾ
ബാക്കി വന്ന കടല: ആവശ്യത്തിന്
ഉരുളക്കിഴങ്ങ്: 1-2 എണ്ണം (പുഴുങ്ങി ഉടച്ചത്)
കടലമാവ് : ആവശ്യത്തിന്
പൊടികൾ: ഉപ്പ്, മുളകുപൊടി, ഗരം മസാല
സവാള, മല്ലിയില, പച്ചമുളക് (ചെറുതായി അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി ചതച്ചെടുത്തത്
എണ്ണ: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടല ഗ്രേവിയിൽ നിന്ന് മാറ്റിയ ശേഷം നന്നായി ഉടച്ചെടുക്കുക. ഗ്രേവി കട്ടിയുള്ളതാണെങ്കിൽ അതും കുറച്ച് ചേർക്കാവുന്നതാണ്. ഇതിലേക്ക് പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങുകൾ ചേർക്കുക. ഇതിലേക്ക് കടലമാവ്, ഉപ്പ്, മുളകുപൊടി, ഗരം മസാല, അരിഞ്ഞ സവാള, മല്ലിയില, പച്ചമുളക്, ചതച്ച ഇഞ്ചി-വെളുത്തുള്ളി എന്നിവ ചേർക്കണം. ശേഷം നന്നായി കുഴച്ച് കബാബ് പരുവത്തിലാക്കുക. ഇനി കൈകളിൽ അല്പം എണ്ണ പുരട്ടിയ ശേഷം മിശ്രിതത്തിൽ നിന്ന് ചെറിയ കബാബുകൾ ഉണ്ടാക്കിയെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി ഓരോന്നായി ഇട്ട് ഇരുവശവും ഗോൾഡൻ നിറമാകുന്നതുവരെ വറുത്തെടുക്കുക.















