Kerala

മുഖ്യമന്ത്രിക്കെതിരെ പരാതി പറഞ്ഞതിന്റെ പേരില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന ഭയം തനിക്കില്ല: അടൂര്‍ പ്രകാശ്

മുഖ്യമന്ത്രിക്കെതിരെ പരാതി പറഞ്ഞതിന്റെ പേരില്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന ഭയം തനിക്കില്ലെന്ന് അടൂര്‍ പ്രകാശ്. പരാതി പരസ്യമായി പറഞ്ഞിട്ടും പരിഹാര ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും വിഷയം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ബോധിപ്പിച്ചിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഞാന്‍ കഴിഞ്ഞ ദിവസങ്ങളിലായി ഉന്നയിച്ച കാര്യങ്ങള്‍ ഇന്നലെ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ബോധിപ്പിച്ചിരുന്നു.

എന്റെ പരാതി വായിച്ചുകേട്ടതിന് ശേഷം അദ്ദേഹം ചില കുറിപ്പുകള്‍ എഴുതിവെക്കുന്നത് കണ്ടു. പരാതിയെ മുഖവിലക്കെടുത്തതിന്റെ ലക്ഷണമാണതെന്നാണ് കരുതുന്നത്. വിഷയത്തില്‍ അദ്ദേഹം എടുക്കുന്ന ഏത് തീരുമാനവും ഞങ്ങള്‍ക്ക് സ്വീകാര്യമായിരിക്കും’. അടൂര്‍ പ്രകാശ് പറഞ്ഞു.

കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ കണ്ടിരുന്നെന്നും എന്നാല്‍ പരാതി കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലും മുന്നണിയിലുമുള്ള പലയാളുകളും എന്നെ കാണുകയും അവരുടെ പരാതികള്‍ പറയുകയും ചെയ്തിട്ടുണ്ട്. അക്കാര്യങ്ങള്‍ അടക്കമാണ് ഞാന്‍ ഉയര്‍ത്തിക്കാട്ടിയത്. വിഷയത്തില്‍ ഞങ്ങളെല്ലാവരും കൂടി ആലോചിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താനാകൂ. ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനത്തോടനുബന്ധിച്ച് എന്തുചെയ്യുമെന്നതടക്കമുള്ള കാര്യങ്ങളില്‍ ഇതേവരെ അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.