മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും സുതാര്യമായ തിരഞ്ഞെടുപ്പും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാക്കാൻ ഇന്ത്യാസഖ്യം. ലക്ഷ്യം കാണുന്നത് വരെ തെരുവിൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നും ഡൽഹിയിൽ മിന്നൽ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട്.
വെള്ളിയാഴ്ചയ്ക്കകം 15 നേതാക്കൾക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി നൽകണമെന്ന് ഇന്ത്യാസഖ്യം ആവശ്യപ്പെട്ടു. എന്നാൽ പ്രതിനിധികളുടെ എണ്ണം പത്തായി ചുരുക്കണമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചിട്ടുണ്ട്. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, മമത ബാനർജി തുടങ്ങിയ മുതിർന്ന നേതാക്കൾ സംഘത്തിലുണ്ടാകുമെന്നാണ് സൂചന.
എംപിമാരെല്ലാവരും ഡല്‍ഹിയില്‍ തുടരുകയാണ്. പ്രതിഷേധ വിവരങ്ങള്‍ അറിയാക്കാമെന്നാണ് എംപിമാരോട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ അറിയിച്ചിട്ടുള്ളത്. എല്ലാ എംപി മാരെയും ഒരുപോലെ നേരത്തെ പ്രതിഷേധ വിവരം അറിയിക്കണമെന്ന് രാഹുൽ ഗാന്ധി നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിഷേധ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് സമാജ്വാദി പാർട്ടി അംഗങ്ങൾ ഇന്നലെ ജന്തർ മന്തർ മാർച്ചിൽ പങ്കെടുത്തിരുന്നില്ല. സംഭവത്തിൽ എസ്പിയുടെ പരാതി അറിയിച്ചതോടെ നേതാക്കൾ അഖിലേഷ് യാദവുമായി സംസാരിച്ച് പരിഹരിച്ചിരുന്നു.
ഇതിന് പുറമെ, എന്എസ്യു ഇന്ന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തും.
പ്രതിഷേധങ്ങൾ കനക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ ഒക്ടോബർ 12 വരെയാണ് അധികസുരക്ഷ ഏര്‍പ്പെടുത്തിയത്.
കേന്ദ്രസേനയുടെ 200ലേറെ കമ്പനി വിന്യസിച്ചു. ഏകദേശം 23,000 സേനാംഗങ്ങൾ വരുമിത്. ജമ്മുകശ്മീർ, ബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽനിന്നാണ് കേന്ദ്രസേനാംഗങ്ങളെ പുനര്‍വിന്യസിക്കുന്നത്. കർഷകസമരത്തിന് ഡല്‍ഹിയില്‍ വിന്യസിച്ചതിനേക്കാൾ കൂടുതൽ സേനാംഗങ്ങളാണിത്.
സിആര്‍പിഎഫ്, ഐടിബിപി,എസ്എസ്ബി,സിഐഎസ്എഫ്, ആര്‍എഎഫ് എന്നീ സേനാവിഭാഗങ്ങളെയാണ് കൂടുതലായി വിന്യസിക്കുന്നത്. സ്റ്റേഷൻ ചുമതലയില്ലാത്ത 15,000 ഡൽഹി പൊലീസും പ്രതിഷേധം നേരിടാന്‍ ഡല്‍ഹിയിലുണ്ടാകും.















