ഖത്തറിന്റെ വടക്കൻ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം. ഒന്നിലേറെ പ്രോജക്ടൈലുകൾ (റോക്കറ്റ്/മിസൈൽ) പതിച്ചതിനെ തുടർന്ന് കപ്പലിലെ ജീവനക്കാർക്ക് പരിക്കേറ്റതായി ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജൻസിയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.
സംഭവത്തിൽ എത്ര പേർക്ക് പരിക്കേറ്റുവെന്നോ പരിക്കുകളുടെ ഗൗരവമോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഖത്തറിലെ മദീനത്ത് അഷ് ഷമാലിൽനിന്ന് 51 നോട്ടിക്കൽ മൈൽ (ഏകദേശം 94 കിലോമീറ്റർ) വടക്കാണ് ആക്രമണം നടന്നത്.
ബുധനാഴ്ച രാത്രി ഏഴോടെയാണ് സംഭവത്തെക്കുറിച്ച് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസിന് വിവരം ലഭിച്ചത്. ടാങ്കറിൽ ഒന്നിലേറെ പ്രോജക്ടൈലുകൾ പതിച്ചതായി റിപ്പോർട്ട് ചെയ്തതായി ഏജൻസി അറിയിച്ചു.
ആക്രമിക്കപ്പെട്ട കപ്പലിന്‍റെ പേര്, ഏത് രാജ്യത്തിന്‍റെ പതാകയാണ് കപ്പൽ വഹിച്ചിരുന്നത് തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കപ്പലിനുണ്ടായ നാശനഷ്ടത്തിന്‍റെ വ്യാപ്തിയും വ്യക്തമല്ല.
പ്രോജക്ടൈലുകളുടെ സ്വഭാവമോ എവിടെനിന്നാണ് അവ എത്തിയതെന്നോ സംബന്ധിച്ച വിവരങ്ങളും ലഭ്യമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്.
അറേബ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും വാണിജ്യ കപ്പലുകൾ നേരിടുന്ന സുരക്ഷാ ഭീഷണികൾക്കിടയിലാണ് പുതിയ സംഭവം.















