ഖത്തറിനു നേരെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ഇറാന്റെ ശ്രമങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഖത്തർ. ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ഗുരുതര ലംഘനമാണെന്നും ഭൗതികവും സാമ്പത്തികവുമായ നഷ്ടങ്ങൾക്ക് ഇറാൻ നഷ്ടപരിഹാരം നൽകണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, രക്ഷാ കൗൺസിൽ പ്രസിഡന്റ് ജെറോം ബൊണാഫോണ്ട് എന്നിവർക്കാണ് ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹ്മദ് ബിൻ സൈഫ് അൽഥാനി കത്ത് കൈമാറിയത്.
സ്വയംപ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണം എന്ന ഇറാന്റെ വാദം നിലനിൽക്കില്ല. രാജ്യത്തെ ഊർജ്ജ സ്ഥാപനങ്ങൾ, ടാങ്കറുകൾ, വാണിജ്യ കപ്പലുകൾ തുടങ്ങിയ സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണം മൂലം ഉണ്ടായ ഭൗതികവും സാമ്പത്തികവുമായ നഷ്ടങ്ങളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണെന്നും ഇതിന് ഇറാൻ ഉത്തരവാദിയാണെന്നും ഖത്തർ അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര നാവിക സഞ്ചാരം ഉറപ്പാക്കണമെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഖത്തർ ആവർത്തിച്ചു.

















