റഷ്യയിൽ കരിങ്കടൽ തീരത്ത് എണ്ണക്കപ്പലിനു നേരെ ഡ്രോൺ ആക്രമണം. കപ്പലിലുണ്ടായിരുന്ന 23 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയതായി റഷ്യൻ ഗതാഗതമന്ത്രാലയം അറിയിച്ചു.
ലൈബീരിയൻ പതാകയുള്ള ആഫ്രമാക്സ് റിയോ കപ്പലാണ് സോച്ചിക്കു സമീപം ആക്രമിക്കപ്പെട്ടത്. കടലിൽ എണ്ണ കത്തുകയാണ്. ആളപായമില്ലെന്നാണു വിവരം. അതേസമയം, സോച്ചിയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു.
അതേസമയം, കരിങ്കടലിൽ കഴിഞ്ഞയാഴ്ച റഷ്യൻ ഡ്രോൺ ആക്രമണത്തിനിരയായ തുർക്കി ഉടമസ്ഥതയിലുള്ള എം.വി.റോയാഡ് മമ്മദോവ് എന്ന ചരക്കുകപ്പലിൽനിന്ന് രക്ഷപ്പെടുത്തിയ 3 ഇന്ത്യൻ നാവികർ സുരക്ഷിതരാണെന്നു റൊമാനിയയിലെ ഇന്ത്യൻ മിഷൻ അറിയിച്ചു.
ഒരാൾ കോൺസ്റ്റാന്റയിലെ കൗണ്ടി ആശുപത്രിയിൽ ചികിത്സയിലാണ്. 2 പേരെ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്. ഉടൻ നാട്ടിലേക്കു മടങ്ങാൻ സൗകര്യമൊരുക്കും. ഈ ആക്രമണത്തിൽ 2 നാവികർ കൊല്ലപ്പെട്ടിരുന്നു.















