മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതൽ കടുപ്പിക്കാൻ ഇൻഡ്യ സഖ്യം. ഇതിന്റെ ഭാഗമായി പ്രതിപക്ഷ സഖ്യകക്ഷികൾ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയേക്കും.
വൈകിട്ട് മൂന്ന് മണിക്ക് പാർലമെന്റ് മന്ദിരത്തിൽ എത്താൻ പ്രതിപക്ഷ എം.പിമാർക്ക് മല്ലികാർജുൻ ഖാർഗെ നിർദേശം നൽകി. മൂന്ന് മണിക്ക് സെൻട്രൽ ഹാളിൽ ചേരുന്ന യോഗത്തിന് ശേഷമായിരിക്കും മാർച്ച് ആരംഭിക്കുക.
രണ്ടാം തീയതി മുതൽ തുടരുന്ന പ്രക്ഷോഭം കൂടുതൽ തീവ്രമാക്കാൻ എല്ലാ പ്രതിപക്ഷ എംപിമാരോടും തലസ്ഥാനത്ത് തന്നെ തുടരാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്നലത്തെ പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജിയും രേവന്ത് റെഡ്ഡിയും സമരമുഖത്തുണ്ടായിരുന്നു. പ്രായവും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായാണ് വിദ്യാർഥി സംഘടനകളും രംഗത്തുണ്ട്. കൊണാട്ട്പ്ലേസിൽ ഇൻഡ്യാമുന്നണിയുടെ യോഗം ചേർന്നശേഷം എംപിമാർ മൂന്നുബസുകളിലായി രാജ്ഘട്ടിലേക്ക് തിരിച്ചായിരുന്നു ഇന്നലത്തെ പ്രതിഷേധം. മോദിക്ക് സദ്ബുദ്ധിവരാൻ രാജ്ഘട്ടിൽ പ്രാർഥിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഹൈജാക്ക് ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ബുധനാഴ്ച, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒരുക്കിയ ഉച്ചവിരുന്നിന് ശേഷമാണ് ഒന്നിച്ച് മുന്നോട്ട് പോകാൻ പ്രതിപക്ഷ പാര്‍ട്ടികൾ തീരുമാനിച്ചത്.















