നേപ്പാളിലെ പരമ്പരാഗത ഭക്ഷണരീതിയിൽ തൈരും പച്ചക്കറികളും മസാലകളും ചേർത്തുണ്ടാക്കുന്ന ലളിതമായ വിഭവങ്ങൾക്ക് പ്രത്യേക സ്ഥാനമാണുള്ളത്. അതിൽ വളരെ എളുപ്പത്തിലും കുറഞ്ഞ സമയം കൊണ്ടും തയാറാക്കാൻ കഴിയുന്ന ജനപ്രിയ വിഭവമാണ് ‘ചകുനി’.
കട്ടിയുള്ള തൈരിന്റെ പുളിയും വേവിച്ച ഉരുളക്കിഴങ്ങിന്റെ മൃദുത്വവും വെള്ളരിക്കയുടെ ഫ്രഷ് രുചിയും താളിപ്പിന്റെ നറുമണവും ചേരുമ്പോൾ ചകുനിക്ക് വേറിട്ടൊരു രുചിയാണ് ലഭിക്കുന്നത്.
ചേരുവകൾ
ഉരുളക്കിഴങ്ങ് (വേവിച്ചത്): 2 വലുത് (ചെറിയ കഷണങ്ങളാക്കിയത്)
വെള്ളരിക്ക: 1 എണ്ണം (ചെറിയ കഷണങ്ങളാക്കിയത്)
കട്ടത്തൈര്: 1 കപ്പ്
സവാള: 1 ചെറുത് (പൊടിയായി അരിഞ്ഞത്)
പച്ചമുളക്: 1–2 എണ്ണം (അരിഞ്ഞത്)
മല്ലിയില: ആവശ്യത്തിന്
ജീരകം: ½ ടീസ്‌പൂൺ
മഞ്ഞൾപ്പൊടി: ¼ ടീസ്‌പൂൺ
മുളകുപൊടി: ½ ടീസ്‌പൂൺ
നാരങ്ങാനീര്: 1 ടീസ്‌പൂൺ
കടുകെണ്ണ: 1 ടീസ്‌പൂൺ
ഉപ്പ്: ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങും വെള്ളരിക്കയും ഒരുക്കാം: കഴുകി വേവിച്ച ഉരുളക്കിഴങ്ങിൻ്റെ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക. വെള്ളരിക്ക ചെറുതായി അരിഞ്ഞ്, അധികമുള്ള വെള്ളം പതുക്കെ പിഴിഞ്ഞുകളയുക. ഒരു വലിയ പാത്രത്തിൽ കട്ടത്തൈര് എടുത്ത് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അടിച്ചുവച്ച തൈരിലേക്ക് അരിഞ്ഞ വെള്ളരിക്ക, സവാള, പച്ചമുളക്, വേവിച്ച ഉരുളക്കിഴങ്ങ് കഷണങ്ങൾ എന്നിവ ചേർത്ത് ഉടഞ്ഞുപോകാതെ പതുക്കെ ഇളക്കുക. ഒരു ചെറിയ പാനിൽ കടുകെണ്ണ ചൂടാക്കി ജീരകം ഇടുക. ജീരകം പൊട്ടിത്തുടങ്ങുമ്പോൾ തീ ഓഫ് ചെയ്‌ത് ഈ താളിപ്പ് തൈര് മിശ്രിതത്തിലേക്ക് ഒഴിക്കുക. മുകളിൽ മല്ലിയില വിതറി നന്നായി ഇളക്കി ഉപയോഗിക്കാം.















