നടന് പൃഥ്വിരാജ് സുകുമാരന്‍ മലയാള സിനിമാ മേഖലയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ്. പക്ഷെ, ഇപ്പോള്‍ അദ്ദേഹത്തിന് കരിയറില്‍ മോശം സമയത്താണ് നില്‍ക്കുന്നത്. സിനിമകള്‍ തുടരെത്തുടരെ പരാജയങ്ങള്‍ നേരിട്ടതോടെ സോഷ്യല്‍ മീഡിയയിലും നെഗറ്റീവ് കമന്‍രുകള്‍ നിറഞ്ഞു. ഹേറ്റേഴ്‌സിന്റെ ഹേറ്റ് ക്യാമ്പെയിനും വ്യാപകമായിട്ടുണ്ട്. നെഗറ്റീവ് കമന്റുകളും ട്രോളുകളും നിരന്തരം കാണുന്നതിന്റെ വിഷമമുണ്ടെന്ന് അമ്മ മല്ലിക സുകുമാരന്‍ ഒരു സ്വകാര്യ യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
അവരുടെ വാക്കുകള്‍ ഇങ്ങനെ
കുറച്ച് പേര്‍ തയ്യാറെടുത്ത് വരും. മോശം കമന്റിടാന്‍. തുടരും സിനിമയെ പ്രശംസിച്ച ഒരുത്തന്‍ പറഞ്ഞത് എമ്പുരാനൊക്കെ എന്തോന്ന് പടം എന്നാണ്. അവന്റെ ഉദ്ദേശ്യം തുടരും നല്ലതാണെന്ന് പറയുകയല്ല. രാജു തരുണ്‍ മൂര്‍ത്തിയെ പോയി കണ്ട് പഠിക്കട്ടെയെന്നും പറഞ്ഞു. പാവം പിടിച്ച തരുണ്‍ മൂര്‍ത്തി എന്റെ കുഞ്ഞിനെ എപ്പോഴും നല്ല രീതിയിലേ കണ്ടിട്ടുള്ളൂ. മോഹന്‍ലാല്‍ അതിനേക്കാള്‍ നല്ലതേ പറയൂ. ആന്റണിയും അതെ. ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത സങ്കടമാണ് അവന്. ഞാനിതൊക്കെ കണ്ട് ചിരിക്കും. എല്ലാ പടവും കണ്ട് ഒരുത്തന്‍ ഇങ്ങനെ പറയും.
അഭിനയിക്കുന്ന പടത്തില്‍ പ്രൊഡ്യൂസര്‍ക്ക് നഷ്ടം വരാതിരിക്കാന്‍ കൂടെ നില്‍ക്കുന്ന ആര്‍ട്ടിസ്റ്റാണ് രാജു. അവനെക്കൊണ്ട് കഴിയുന്നത് പോലെ അവന്‍ എല്ലാ കാര്യങ്ങളിലും കൂടെ നില്‍ക്കും. ലൂസിഫര്‍ തൊട്ട് ഞാന്‍ കാണുന്നതാണ്. കേരളത്തിന്റെ ബോര്‍ഡര്‍ വിട്ട് കഴിഞ്ഞാല്‍ പൃഥ്വിരാജിനോട് എല്ലാവര്‍ക്കും വലിയ സ്‌നേഹമാണ്. ഇവിടെ എന്താണ് കുഴപ്പം. ഖലീഫയും വിലായത്ത് ബുദ്ധയും ഓടിയില്ലെന്ന് പറയുന്നു. വിലായത്ത് ബുദ്ധ ഓടിയില്ലെന്നത് സത്യമാണ്. വിമര്‍ശിക്കുന്നവര്‍ ആണോ പൃഥ്വിരാജിനെ ശുപാര്‍ശ ചെയ്ത് ഇന്‍ഡസ്ട്രിയില്‍ കൊണ്ട് വന്നത്. അവരുടെ പടങ്ങളിലൂടെയാണോ അവന്‍ വളര്‍ന്നത്. അവരാണോ അവനെ പാന്‍ ഇന്ത്യന്‍ നടനാക്കിയത്. ഇനിയും അവന്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ വരും. എനിക്ക് നല്ല വിശ്വാസമുണ്ട് എന്റെ മകനിലെന്നും മല്ലിക സുകുമാരന്‍.
മൂവി വേള്‍ഡ് എന്ന മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇതു പറഞ്ഞത്. എമ്പുരാന് ശേഷം പൃഥ്വിക്ക് കരിയറില്‍ നല്ല സമയമല്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തുടരെ പരാജയ സിനിമകളാണ് നടന്. പലതും വലിയ ഹൈപ്പില്‍ വന്നവ. സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ നടന് പാളിച്ചകള്‍ പറ്റുന്നുണ്ടെന്ന് പൊതുവെ അഭിപ്രായമുണ്ട്. മലയാളത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ഐ നോ ബഡിയും പ്രേക്ഷകരെ നിരാശപ്പെടുത്തി. പൃഥ്വിരാജിന്റെ ബോളിവുഡ് സിനിമ ദായിരബഡ്ജറ്റ് പോലും തിരികെ പിടിക്കാനാകാതെ ദായിര പരാജയപ്പെട്ടു. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത് കരീന കപൂര്‍ നായികയായെത്തിയ ക്രൈം ത്രില്ലറായിരുന്നു ഇത്.
ഹിന്ദി സിനിമകളില്‍ ആ താരമൂല്യത്തിനൊത്തുള്ള സിനിമകളല്ല നടന്‍ ചെയ്യുന്നത്. എന്നാലിവ കലാമൂല്യമുള്ള സിനിമകളുമാകുന്നില്ല. അതേസമയം തെലുങ്ക് സിനിമാ രംഗത്ത് നടന്‍ കയ്യടി നേടുന്നുണ്ട്. പ്രഭാസിനൊപ്പം ചെയ്ത സലാര്‍ വിജയമായി. രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയാണ് അടുത്ത ചിത്രം. ഒടിയന്‍ ആണ് മലയാളത്തില്‍ വരാനിരിക്കുന്ന സിനിമകളിലൊന്ന്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. എമ്പുരാന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണ് ഒടിയന്‍. പൃഥ്വിരാജിന്റെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.















