തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള ആരോപണത്തിൽ തെളിവുകൾ സമർപ്പിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ആവശ്യപ്പെട്ടതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. രാഷ്ട്രപതിയുമായി ഇന്ത്യാ സഖ്യ നേതാക്കൾ രാഷ്ട്രപതി ഭവനിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ. സഖ്യ നേതാക്കൾ രാഷ്ട്രപതിക്ക് നിവേദനം നൽകി.കമ്മിഷനെതിരെയുള്ള പരാതികൾ രാഷ്ട്രപതി കേട്ടെന്നും പരിശോധിക്കുമെന്ന് അറിയിച്ചതായും രാഹുൽ പറഞ്ഞു. ആരോപണങ്ങളെ എതിർത്തില്ല. തെളിവുകൾ ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവർ ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ചതായി രാഷ്ട്രപതിയോട് പറഞ്ഞതായി രാഹുൽ പറഞ്ഞു. രാഷ്ട്രപതിക്ക് തെളിവുകൾ കൈമാറുമെന്ന് ഇന്ത്യാ സഖ്യ നേതാക്കൾ അറിയിച്ചു. ചർച്ചകളെക്കുറിച്ച് രാഷ്ട്രപതി ഭവനിൽനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
അതേസമയം, രാഷ്ട്രപതി ഭവനിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാർച്ച് പൊലീസ് തടഞ്ഞു. ഇതോടെ എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഇന്റർനെറ്റ് സേവനങ്ങൾ നിർത്താൻ ഡൽഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജനപഥ്-കർത്തവ്യ പഥ് ജംക്‌ഷന് ചുറ്റുമുള്ള 4 കിലോമീറ്റർ ചുറ്റളവിൽ വെള്ളിയാഴ്ച രാത്രി 10 മണി മുതൽ 24 മണിക്കൂർ നേരത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രപതി ഭവനിൽ ഇന്ത്യ മുന്നണിയിലെ 10 ഓളം നേതാക്കളാണ് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുന്നത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, ആർജെഡി നേതാവ് തേജസ്വി യാദവ്, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കാണുന്നത്. ശനിയാഴ്ച ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. 57 മെട്രോ സ്റ്റേഷനുകൾ അടച്ചു. ജനപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്, രാജീവ് ചൗക്ക്, ന്യൂഡൽഹി, മണ്ഡി ഹൗസ്, ഐടിഒ, ഡൽഹി ഗേറ്റ്, ഖാൻ മാർക്കറ്റ്, സുപ്രീം കോടതി, ഇന്ദ്രപ്രസ്ഥ, ഐഎൻഎ, ഹൗസ് ഖാസ്, ലജ്പത് നഗർ, കശ്മീരി ഗേറ്റ്, കരോൾ ബാഗ്, ജമാ മസ്ജിദ്, വിശ്വവിദ്യാലയ, സീലംപുർ, ഷാഹ്ദര, രോഹിണി വെസ്റ്റ് എന്നീ സ്റ്റേഷനുകൾ ഉൾപ്പെടെയാണ് അടച്ചത്.















