മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്ന കാര്യത്തിൽ വിജിലൻസ് ഡയറക്ടറുടെ അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതിയുടെ കർശന ഉത്തരവ് ഇന്നലെ വിജിലൻസ് ഡയറക്ടറേറ്റിൽ ലഭിച്ചിട്ടുണ്ട്. ഏത് യൂണിറ്റിൽ കേസെടുക്കണം എന്നത് സംബന്ധിച്ചുള്ള തീരുമാനമാണ് ഇന്ന് ഉണ്ടാകുക.
മാസപ്പടി കേസിൽ കേസെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകില്ല. കോടതി നിർദേശം അനുസരിച്ച് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് നടപടികളിലേക്ക് കടക്കും.
ഉത്തരവ് അനുസരിക്കുമെന്നും സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിച്ചില്ലെന്നും മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചത് റദ്ദാക്കിയത് ഉള്‍പ്പെടെ സര്‍ക്കാരിനും കേസെടുക്കാൻ കോടതി ഉത്തരവിട്ടത് എൽഡിഎഫിനും തിരിച്ചടിയാണ്.
ഇഡി സമർപ്പിച്ച വിവരങ്ങളിൽ കേസെടുക്കുന്നതിന് മതിയായ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ട്.
എസ്ഐടി രൂപീകരണം നിയവിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം സംസ്ഥാനസർക്കാരിനും വലിയ തിരിച്ചടിയാണ്. കാലതാമസമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.















