World

ഇന്ധനവില പിടിച്ചുനിർത്താൻ റഷ്യയുടെ സഹായം തേടി ഡോണൾഡ് ട്രംപ്; പുടിനുമായി ധാരണ, എതിർപ്പുമായി യുക്രൈൻ

ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ആഗോള വിപണിയിലും അമേരിക്കയിലുമുണ്ടായ ഇന്ധനവില വർദ്ധനവ് പിടിച്ചുനിർത്താൻ അപ്രതീക്ഷിത നീക്കവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡീസൽ ലഭ്യമാക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ട്രംപ് ധാരണയിലെത്തി.

മൂന്ന് ലക്ഷം ടൺ റഷ്യൻ ഡീസൽ ഉടൻ നൽകാമെന്ന് പുടിൻ സമ്മതിച്ചതായും അടുത്ത മാസം അഞ്ച് ലക്ഷം ടൺ കൂടി ലഭ്യമാക്കുമെന്നും ട്രംപ് അറിയിച്ചു.

ഇന്ധനവില വര്‍ധനയില്‍ ആശങ്കയിലായ ഉപഭോക്താക്കള്‍ക്കും വ്യാപാരമേഖലയ്ക്കും ആശ്വാസം പകരുന്നതാണ് ഈ നീക്കമെന്നാണ് ട്രംപിന്റെ അവകാശവാദം. അമേരിക്കയിലെ കര്‍ഷകര്‍, കാലിവളര്‍ത്തല്‍ മേഖലയിലുള്ളവര്‍, ചരക്കുഗതാഗത രംഗത്തെ ട്രക്ക് ഡ്രൈവര്‍മാര്‍ എന്നിവരുടെ ചെലവ് കുറയ്ക്കുന്നതാണ് തന്റെ പ്രധാന മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായി റഷ്യൻ ഇന്ധനത്തിന്മേലുള്ള ഉപരോധങ്ങൾ ട്രംപ് ഭരണകൂടം താൽക്കാലികമായി നീക്കി. അമേരിക്കയിൽ ഡീസൽ വില റെക്കോർഡ് നിലവാരത്തിലേക്ക് കടന്നതോടെയാണ് ട്രംപ് റഷ്യൻ സഹായം തേടിയത്.

നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭയന്നാണ് ട്രംപിൻ്റെ നീക്കമെന്നും വിലയിരുത്തലുണ്ട്.

ട്രംപിന്റെ നീക്കത്തിൽ യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. റഷ്യൻ യുദ്ധത്തിന് ആവശ്യമായ വരുമാനം തടയാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഇത് ബാധിക്കുമെന്ന് യുക്രൈൻ വിമർശിച്ചു.