മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സി.ജെ.പി സമരത്തിന് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഡൽഹിയിലെ ജന്തർമന്തറിൽ സമരം ആരംഭിക്കാനിരിക്കെയാണ് എക്സ് (X) കുറിപ്പിലൂടെ അദ്ദേഹം പിന്തുണ അറിയിച്ചത്.
ഗ്യാനേഷ് കുമാറും നിലവിലെ സർക്കാറും മാറുമെന്നും ജനാധിപത്യസംവിധാനത്തിലെ തിരുത്തൽ പ്രക്രിയ ഇവിടെ തുടങ്ങുകയാണെന്നും രാഹുൽ എക്സിൽ കുറിച്ചു.
സി.ജെ.പി സമരത്തിൽ പങ്കെടുക്കാൻ എത്തിയ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേയെയും മറ്റ് നേതാക്കളെയും വിമാനത്തിൽ വെച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ കേരള ഹൗസിൽ നിന്ന് മാർച്ചന് ഒരുങ്ങിയ പിണറായി വിജയൻ, എം.എ. ബേബി ഉൾപ്പെടെയുള്ള പ്രമുഖ സിപിഎം നേതാക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.
സമരം തടയാൻ ഡൽഹിയിൽ വൻ പൊലീസ് സന്നാഹവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവിന്റെ പിന്തുണയും പുറത്തുവന്നിരിക്കുന്നത്.















