സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിനു നേരെ വീണ്ടും ഹൂതികളുടെ അതിരൂക്ഷ ആക്രമണം. 12 പേർ കൊല്ലപ്പെട്ടു. 309 പേർക്ക് പരിക്കേറ്റതായും സിവിൽ എവിയേഷൻ അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു.
റിയാദ് വിമാനത്താവളത്തിന് പുറമെ ദമ്മാം വിമാനത്താവളത്തിലേക്കും അൽഖർജ് മേഖലയിലേക്കും ഹൂതികളുടെ ആക്രമണങ്ങൾ ഉണ്ടായി.
വിമാനത്താവളം താൽക്കാലികമായി അടച്ചു. മിസൈൽ ആക്രമണം സൗദി സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായ ആക്രമണത്തിൽ വൻ സ്ഫോടനശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു.
വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ ദേശീയ വിമാനക്കമ്പനിയായ സൗദിയയുടെ പൈലറ്റ് അടക്കം 3 പേർ കൊല്ലപ്പെട്ടിരുന്നു. യെമൻ തലസ്ഥാനമായ സനായിലെ രാജ്യാന്തര വിമാനത്താവളം 4 തവണ സൗദി ആക്രമിച്ചെന്ന് ആരോപിച്ച ഹൂതികൾ, തിരിച്ചടിയുണ്ടാകുമെന്നും സൗദിയുടെ വ്യോമപാത ഒഴിവാക്കണമെന്നും വിമാനക്കമ്പനികൾക്കു മുന്നറിയിപ്പ് നൽകി.
ഹൂതികളുടെ സൈനികശേഷി പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ യെമനിലെ ഓരോ കേന്ദ്രവും തിരഞ്ഞുപിടിച്ചു സൗദി സഖ്യസേന നടത്തിയ തിരിച്ചടിയിൽ 136 സൈനിക കേന്ദ്രങ്ങൾ തകർന്നു.
ഹൂതികളുടെ കൈവശമുള്ള ബാലിസ്റ്റിക് മിസൈലുകളുടെ ശേഖരം പൂർണമായും ഇല്ലാതാക്കുമെന്നു സൗദി പ്രഖ്യാപിച്ചു. ബാബുൽ മൻദിബിൽ ആക്രമണം നടന്നിട്ടില്ലെന്ന ഹൂതികളുടെ അവകാശവാദം പൊളിച്ചു വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളും സൗദി പുറത്തുവിട്ടു.















