Kerala

മിനി കൂപ്പർ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസ് കേസെടുത്തു

നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ, മദ്യപിച്ച് കാറോടിച്ച 19 കാരനായ സുഹൈൽ സജീവിനെതിരെ എക്‌സൈസ് കേസെടുത്തു.

മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള നിയമപരമായ പ്രായം 23 ആയിരിക്കെ, പ്രായപൂർത്തിയാകാത്ത സുഹൈൽ മദ്യം ഉപയോഗിച്ചതാണ് എക്‌സൈസിന് കേസെടുക്കാൻ കാരണം. പ്രതിയെ ഉടൻ തന്നെ എക്‌സൈസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യും.

അതേസമയം, പ്രായപൂർത്തിയാകാത്ത യുവാവിന് മദ്യം വിളമ്പിയ എറണാകുളം നഗരത്തിലെ രണ്ട് ബാറുകൾക്കും നെടുമ്പാശേരിയിലെ ഒരു ബാറിനുമെതിരെയും എക്‌സൈസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ട്.

ഈ മൂന്ന് ബാറുകൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ ശിപാർശ ചെയ്ത് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ, എക്‌സൈസ് കമ്മീഷണർക്ക് ഉടൻ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും.

അപകടസമയത്ത് വാഹനം മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിലായിരുന്നു ഓടിച്ചിരുന്നതെന്ന് പ്രതി സുഹൈൽ മൊഴി നൽകിയിട്ടുണ്ട്.

മദ്യലഹരിയിൽ അമിതവേഗതയിൽ വാഹനം ഓടിക്കാൻ സുഹൈലിന് പ്രേരണ നൽകിയ സുഹൃത്തുക്കൾക്കെതിരെയും പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവരെയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ സുഹൈലിനെയും നിനവിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.