പ്രതിഷേധം വിലക്കിയ ഡൽഹിയിലെ ജന്തർ മന്തറിലെ മിന്നൽ പ്രതിഷേധത്തിൽ സിജെപി നേതാക്കൾക്കെതിരെ എഫ്ഐആർ. സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്ന് രാവിലെ 9:30 യോട് കൂടി സൗരവ് ദാസ്, ആശുതോഷ് രങ്ക, അജിനക്യ ഷിൻഡെ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം പ്രവർത്തകരാണ് ഗേറ്റ് ചാടി കടന്ന് ജന്ദർ മന്തറിൽ എത്തിയത്. ദേശീയ പതാക വീശിയും ഭരണഘടന ഉയർത്തിപ്പിടിച്ചും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം.
പൊലീസ് വലയം ഭേദിച്ച് ജെഡിയു ഓഫീസിന്റെ ഗേറ്റ് മറികടന്നാണ് പ്രവർത്തകർ അകത്തു കയറിയത്. ഗ്യാനേഷ്കുമാറിന്റെ രാജി ജന്തർ മന്തറിൽ വെച്ചുതന്നെ നേടിയെടുക്കുമെന്ന് സിജെപി നേതാക്കൾ പ്രതികരിച്ചിരുന്നു. രാജ്യ തലസ്ഥാനത്ത് രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധത്തിനിടെ പൊലീസ് അടച്ചുപൂട്ടിയ ജന്തർ മന്തറിലേക്ക് ഒരു ഘട്ടത്തിൽ പോലും പ്രതിഷേധക്കാർക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ആകില്ലെന്ന് അഭിജിത് ദീപ്കെ പ്രതികരിച്ചു. അടുത്തഘട്ട സമരം എങ്ങനെയാകണമെന്ന് ആലോചന നടക്കുന്നതിനിടെ നടത്തിയ മിന്നൽ പ്രതിഷേധം രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്ക് അയവ് വരില്ല എന്ന സൂചന തന്നെയാണ് നൽകുന്നത്.















