ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് സിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലയച്ച സംഭവത്തിൽ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജന്തർ മന്തറിൽ സമാധാനപരമായി ത്രിവർണ പതാക ഉയർത്തുന്നത് ഒരു കുറ്റമല്ല. അതിന്റെ പേരിൽ യുവജനങ്ങളെ ജയിലിൽ അടയ്ക്കുന്നത് ഭീരുത്വമാണെന്ന് രാഹുൽ ഗാന്ധി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
വിദ്യാർഥികൾ, യുവജനങ്ങൾ, മാധ്യമപ്രവർത്തകർ, ഇന്ത്യാ സഖ്യം എന്നിവരെല്ലാം ഒരൊറ്റ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നരാണെന്നും എല്ലാ പ്രതിഷേധങ്ങളും ഒന്നു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ജന്തർ മന്തർ ഇന്ത്യയിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. നമ്മൾ അത് വീണ്ടെടുക്കുമെന്നും സിജെപി നേതാക്കളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട വാർത്ത പങ്കുവച്ചുകൊണ്ട് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
അനുമതിയില്ലാതെ ജന്തർ മന്തറിൽ കയറിയെന്നാരോപിച്ച് സിജെപി നേതാക്കളായ അശുതോഷ് റാംങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
രാത്രി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ഇവരെ ഇന്ന് രാവിലെയാണ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും 5 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അജിൻക്യ ഷിൻഡെയെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു. അതിക്രമിച്ചു കടക്കൽ, നിരോധനാജ്ഞ ലംഘിക്കൽ, സമാധാന ഉടമ്പടി ലംഘിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.















