11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വേർപിരിഞ്ഞതിനെക്കുറിച്ചും പങ്കാളി അപർണ തോമസുമായുള്ള ഇപ്പോഴത്തെ ബന്ധത്തെക്കുറിച്ചും മനസ്സ് തുറന്ന് അവതാരകനും നടനുമായ ജീവ ജോസഫ്.
വേർപിരിഞ്ഞെങ്കിലും തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നും പരസ്പരം ബഹുമാനിക്കുന്നുവെന്നും ജീവ വ്യക്തമാക്കി. വ്യവസായി ഫൈസൽ മലബാറുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് ജീവ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
പത്ത് വർഷത്തോളം ഒരുമിച്ച് ജീവിച്ചവർ പെട്ടെന്ന് പിരിയുമ്പോൾ പ്രയാസമുണ്ടാകില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജീവ. ‘തീർച്ചയായും ഉണ്ടാകും. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും നല്ല ഫ്രണ്ട്സായി ഇരിക്കുന്നത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചതുകൊണ്ട് മാത്രമല്ല, ഞങ്ങൾ എപ്പോഴും അങ്ങനെയായിരുന്നു. 10 വർഷം ഞങ്ങൾ ഒരുമിച്ച് അടിച്ചുപൊളിച്ച് ജീവിച്ചു. അതിനുശേഷം ചില കാരണങ്ങൾ കൊണ്ട് രണ്ടു വഴിക്ക് പോകേണ്ടി വന്നു. എങ്കിലും ഞങ്ങൾ എപ്പോഴും വി സ്റ്റിൽ ബി ഫ്രണ്ട്സ്’- ജീവ പറഞ്ഞു.
മുന്പും ഇരുവരും ദാമ്പത്യ ബന്ധം വേര്പെടുത്തിയതില് പ്രതികരണവുമായി എത്തിയിരുന്നു. ‘11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ എന്തോ തെറ്റിപ്പോയി, ഇനിയിത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഇരുവർക്കും വ്യത്യസ്ത വഴികളിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനം’ എന്നായിരുന്നു ജീവയുടെ പ്രതികരണം.
‘ഈ വിവാഹബന്ധം അവസാനിച്ചിരിക്കുകയാണ്. സത്യത്തിൽ എനിക്കിത് തുടരാൻ താല്പര്യവുമില്ലായിരുന്നു. ഇത് രണ്ടുപേർക്കും എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല, എന്നാൽ എനിക്ക് വേണ്ടി ഈ തീരുമാനം എനിക്ക് എടുക്കേണ്ടി വന്നു’ – അപർണ പറഞ്ഞു.
2015 ഓഗസ്റ്റ് 24-നായിരുന്നു ഇവരുടെയും വിവാഹം. കൃത്യം 11 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്.















