തിരുവനന്തപുരം കരമന കാലടി ഉമാ മന്ദിരത്തിൽ (കൂടത്തിൽ തറവാട്) ജയമാധവൻ നായർ (63) 2017 ഏപ്രിൽ 2നു കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികളുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കാര്യസ്ഥൻ കരമന കോവിൽവിളാകം രവീന്ദ്രൻ നായർക്കു പുറമേ ജഗതി കണ്ണേറ്റുമുക്ക് സ്വദേശി സാജു, കരമന സ്വദേശി അനിൽകുമാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
കൊലപാതകത്തിന് ഇവർ സഹായം നൽകിയെന്നാണ് കണ്ടെത്തൽ. ഇതിൽ അനിൽകുമാർ 3 വർഷംമുൻപ് മരിച്ചു. രവീന്ദ്രന്റെ അടുത്ത സഹായിയായ സാജു വിദേശത്താണ്. ഇയാളെ പിടികൂടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
തലയ്ക്കടിച്ചാണോ തള്ളിയിട്ടാണോ കൊലപാതകമെന്ന കാര്യത്തിൽ വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.
റിമാൻഡിലുള്ള രവീന്ദ്രൻ നായരെ 2 ദിവസത്തിനകം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും മറ്റു പ്രതികളുടെ പങ്കും വ്യക്തമാക്കുന്നതിനൊപ്പം ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
രവീന്ദ്രൻ നായരെ കർണാടക മഡിവാളയിലെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ എത്തിച്ചാണ് ബ്രെയിൻ മാപ്പിങ് നടത്തിയത്. അതുവരെ നൽകിയ മൊഴികൾ എല്ലാം കള്ളമാണെന്നാണ് പരിശോധനയിൽ വ്യക്തമായത്.
വീട്ടുജോലിക്കാരി ലീല തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നു പൊലീസ് സംശയിക്കുന്നു. ജയമാധവൻ നായരുടെ കട്ടിലിലെ രക്തംപുരണ്ട ബെഡ്ഷീറ്റ്, തലയണ എന്നിവ ഇവർ നശിപ്പിച്ചുവെന്നാണു വിവരം.
കേസിലെ മറ്റു പ്രതികളുടെ പങ്ക്, തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനിടെ, സ്വത്തുകൈമാറ്റത്തിന് വ്യാജ വിൽപത്രവും ആധാരവും ഉണ്ടാക്കിയ സംഭവത്തിൽ, കൂടത്തിൽ തറവാട്ടിലെ ബന്ധുക്കൾ കേസിൽ കക്ഷിചേർന്നു.















