അമേരിക്കയിലെ ഇല്ലിനോയ്സിലുള്ള ഒറോറയിലെ ഹിന്ദു ക്ഷേത്രത്തിൽ വൻ വെടിവെപ്പ് നടത്താൻ പദ്ധതിയിട്ട 19 വയസ്സുകാരൻ അറസ്റ്റിലായി. അക്രമത്തിനായി പൂർണ്ണ സജ്ജനായി ക്ഷേത്രത്തിലെത്തിയ പ്രതി വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് തകരാറിലായതിനെത്തുടർന്ന് രക്ഷപ്പെടുകയായിരുന്നു. അലക്സാണ്ട്രോസ് പാപ്പോരാക്കിസ് എന്ന യുവാവാണ് ഒക്ടോബർ 11ന് അറസ്റ്റിലായത്.
ഔട്ട്ലെറ്റിൽ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ, വെളുത്ത വംശജരാണ് സമൂഹത്തിൽ മുൻനിരയിൽ നിൽക്കേണ്ടവരെന്ന ചിന്താഗതിക്കാരനായിരുന്നു. ആക്രമണം നടത്തുന്നതിന് മുൻപ് ഒക്ടോബർ 11 ഞായറാഴ്ച ‘പ്രത്യേകതയുള്ള ഒരു ദിവസമായിരിക്കും’ എന്ന് ഇയാൾ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു.
ക്ഷേത്രത്തിൽ വെച്ച് തോക്ക് പ്രവർത്തിക്കാതായതിനെ തുടർന്ന് ഓടിരക്ഷപ്പെട്ട ഇയാൾ, പിന്നീട് തോക്കിന്റെ തകരാർ പരിഹരിക്കാൻ ശ്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സഹപ്രവർത്തകന് അയച്ചുകൊടുക്കുകയും ചെയ്തു. വിവരം ലഭിച്ച പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും, വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ എ.ആർ റൈഫിൾ, ബോഡി ആർമർ, നാസി ചിഹ്നങ്ങളുള്ള വെസ്റ്റ്, നൂറുകണക്കിന് വെടിയുണ്ടകൾ എന്നിവ കണ്ടെത്തുകയും ചെയ്തു.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യൻ വംശജർക്കെതിരെയുള്ള വിദ്വേഷവും വധഭീഷണിയും അടങ്ങിയ എട്ടു പേജുള്ള മാനിഫെസ്റ്റോയും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ ക്ഷേത്രമായ ശ്രീ വെങ്കിടേശ്വര സ്വാമി (ബാലാജി) ക്ഷേത്രമാണ് ഇയാൾ ലക്ഷ്യമിട്ടതെന്ന് കരുതപ്പെടുന്നു. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിന് സായുധ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.















