സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ച കേസിലെ പ്രതി അശ്വതി അച്ചു പിടിയിൽ. കൊല്ലം ഒഴുകുപാറയ്ക്കൽ സ്വദേശിയായ അശ്വതി അച്ചുവിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്നാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. കേസിൽ അശ്വതി അച്ചുവിന്റെ മകൾ നേരത്തെ പിടിയിലായിരുന്നു.അമ്മയുടെ നിർദ്ദേശപ്രകാരമാണ് താൻ തിളച്ച വെള്ളമൊഴിച്ചതെന്ന് അമൃത പോലീസിന് മൊഴി നൽകിയിരുന്നു. ഹണി ട്രാപ്പ് കേസിലും ഇവർ പ്രതികളാണെന്ന് റിപ്പോർട്ടുകളുണ്ട്
വിവാഹവാഗ്ദാനം നൽകി പണം തട്ടിയ കേസിലും ഹണി ട്രാപ്പ് കേസിലും അശ്വതി അച്ചു പ്രതിയാണ്. അമ്മയെ ആക്രമിച്ച കേസിൽ കുറച്ചുദിവസങ്ങളായി ഇവർ ഒളിവിലായിരുന്നു.
തിരുവനന്തപുരം പൂവാർ സ്വദേശിയായ 68കാരനിൽ നിന്ന് 40,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലും അശ്വതി അച്ചു നേരത്തെ പ്രതിയായിട്ടുണ്ട്. വിവാഹവാഗ്ദാനം നൽകി പലതവണയായി പണം വാങ്ങിയെന്നാണ് പരാതി. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉൾപ്പെടെ നിരവധി പേരെ വഞ്ചിച്ച് പണം തട്ടിയെന്ന ആരോപണവും ഇവർക്കെതിരെ ഉയർന്നിരുന്നു.
നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണി ട്രാപ്പിൽ കുടുക്കിയെന്ന ആരോപണവും അശ്വതി അച്ചുവിനെതിരെ നേരത്തെയുണ്ടായിരുന്നു. പൊലീസുകാരുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റുകൾ നടത്തുകയും പിന്നീട് അവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് രീതിയെന്നാണ് ആരോപണം.















