പൊലീസിന്റെ മര്ദനത്തിന് ഇരയായ മലയാളി വിദ്യാര്ഥി ആതിരയുമായി പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് എന്എസ്യുഐ ധര്ണ. എന്എസ്യുഐ ദേശീയ അധ്യക്ഷന് വിനോദ് ജാക്കറിന് ഒപ്പം പ്രവര്ത്തകര് കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പൊലീസ് മര്ദനത്തില് കേസെടുക്കാത്ത ഡല്ഹി പൊലീസിനെ ആതിര ശക്തമായി വിമര്ശിച്ചു. പ്രതിഷേധിച്ച നിരവധി പ്രവര്ത്തകരെ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘര്ഷമുണ്ടാകുന്ന സാഹചര്യവുമുണ്ടായി.
സമാധാനപരമായി പ്രതിഷേധിച്ച പ്രവര്ത്തകരെ പൊലീസ് വലിച്ചിഴച്ച് ബലമായി വാഹനത്തില് കയറ്റിക്കൊണ്ട് പോകുകയായിരുന്നു. നിരവധി പ്രവര്ത്തകര്ക്ക് പരുക്കേല്ക്കുന്ന നിലയുമുണ്ടായി. ഇതിനിടെ പൊലീസുകാരല്ലാത്ത ചിലര് സംഘടിച്ചെത്തി എന്എസ്യുഐ പ്രവര്ത്തകരെ തിരഞ്ഞ് പിടിച്ച് മര്ദിക്കുന്ന ദൃശ്യങ്ങള് ട്വന്റിഫോര് ക്യാമറയില് പതിഞ്ഞു. ഈ സംഘത്തിലെ ചിലര് പൊലീസിനേയും മര്ദിച്ചു. പൊലീസിനെ മര്ദിച്ച ആരും എന്എസ്യുഐ പ്രവര്ത്തകരല്ലെന്ന് നേതാക്കള് പറഞ്ഞു. പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി വൈകിയും അത്യന്തം നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എന്എസ്യുഐ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധത്തിലാണ് ആതിര ഉള്പ്പെടെയുള്ളവര്ക്ക് മര്ദനമേറ്റത്. വിദ്യാര്ഥികളെ ഉപദ്രവിച്ചവര്ക്കെതിരെ എഫ്ഐആര് ഇടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രവര്ത്തകര്. പൊലീസ് വാനിലും സ്റ്റേഷനിലും വെച്ച് ക്രൂരമായി മര്ദിച്ചെന്നും, വനിതാ പൊലീസുകാര് റോഡിലൂടെ വലിച്ചിഴച്ചെന്നും, മര്ദനത്തില് വലത് ചെവിയുടെ കേള്വിശക്തി നഷ്ടപ്പെട്ടെന്നുമാണ് ആതിരയുടെ പരാതി. സ്റ്റേഷന് മുന്നില് നടുറോഡില് കിടന്നുകൊണ്ടാണ് ആതിര പ്രതിഷേധിക്കുന്നത്.
Story Highlights : athira and nsui protest against delhi police















