ന്യൂഡൽഹി: കുട്ടികൾ ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശവും അനുച്ഛേദം 19(1)(a) പ്രകാരമുള്ള അഭിപ്രായസ്വാതന്ത്ര്യവും ചേർത്തുവായിക്കുമ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടുന്നതായി ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കണമെന്ന പേരിൽ അവർക്ക് ഇന്റർനെറ്റ് പൂർണമായി നിഷേധിക്കുന്ന സമീപനത്തെ കോടതി അംഗീകരിച്ചില്ല. കുട്ടികളുടെ സുരക്ഷയും സ്വാതന്ത്ര്യവും പരസ്പരവിരുദ്ധമല്ലെന്നും രണ്ടും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളെ ഇന്റർനെറ്റിൽനിന്ന് അകറ്റുകയല്ല പരിഹാരം
ഇന്റർനെറ്റ് കുട്ടികൾക്ക് പൂർണമായും സുരക്ഷിതമായ ഇടമല്ലെന്ന യാഥാർഥ്യം കോടതി അംഗീകരിച്ചു. എന്നാൽ ഓൺലൈൻ ലോകത്തിലെ അപകടങ്ങൾ ചൂണ്ടിക്കാട്ടി കുട്ടികൾക്കുള്ള പ്രവേശനം മുഴുവനായി തടയുന്നത് ശരിയായ പരിഹാരമല്ലെന്ന് വ്യക്തമാക്കി.
വിദ്യാഭ്യാസം, അറിവ്, വിവരങ്ങൾ കൈമാറൽ, ആശയപ്രകടനം, സാമൂഹിക ബന്ധങ്ങൾ എന്നിവയ്ക്ക് ഇന്റർനെറ്റ് നിർണായകമാണ്. പ്രത്യേകിച്ച് വിദൂരപ്രദേശങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് പഠനത്തിനും വിവരങ്ങൾ ലഭിക്കുന്നതിനുമുള്ള പ്രധാന മാർഗമാണ് ഇന്റർനെറ്റ്. പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്ക് സമാന അനുഭവങ്ങളുള്ളവരുമായി ബന്ധപ്പെടുന്നതിനും ഇത് സഹായിക്കുന്നു.
ദോഷകരമായ ഉള്ളടക്കം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയും നിയമപരമായ ഉത്തരവാദിത്വം പാലിക്കാത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളെയുമാണ് നിയന്ത്രിക്കേണ്ടതെന്നും കുട്ടികളെ ശിക്ഷിക്കുന്ന തരത്തിലുള്ള സമീപനം ഒഴിവാക്കണമെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികൾക്കായി പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ
ഇന്റർനെറ്റ് ഉപയോഗത്തിന് പൂർണ വിലക്ക് വേണ്ടെന്ന നിലപാട് സ്വീകരിച്ച കോടതി, കുട്ടികൾക്കായി പ്രായത്തിന് അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണെന്നും വ്യക്തമാക്കി.
കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പ്രത്യേക ‘ചൈൽഡ് മോഡ്’ ഏർപ്പെടുത്തുക, അക്കൗണ്ടുകൾ തുടക്കത്തിൽ സ്വകാര്യമായി ക്രമീകരിക്കുക, അപരിചിതരായ മുതിർന്നവരിൽനിന്നുള്ള സന്ദേശങ്ങളും ബന്ധപ്പെടലുകളും നിയന്ത്രിക്കുക, കുട്ടികൾക്ക് ലഭിക്കുന്ന പരസ്യങ്ങളും ഉള്ളടക്കങ്ങളും നിരീക്ഷിക്കുക തുടങ്ങിയ നടപടികൾ പരിഗണിക്കാമെന്ന് കോടതി നിർദേശിച്ചു.
കുട്ടികളുടെ ഓൺലൈൻ പ്രവേശനത്തിൽ രക്ഷിതാക്കളുടെ സമ്മതത്തിനും മാർഗനിർദേശത്തിനും മേൽനോട്ടത്തിനും പ്രാധാന്യം നൽകുന്ന സംവിധാനങ്ങളും പരിഗണിക്കാവുന്നതാണ്. ഇത്തരം സുരക്ഷാ സംവിധാനങ്ങൾ എങ്ങനെ നടപ്പാക്കണമെന്നതിൽ കേന്ദ്രസർക്കാരിന് തുടർനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
കുട്ടികളെ ലൈംഗിക ചൂഷണത്തിൽനിന്ന് സംരക്ഷിക്കാൻ നിർദേശം
കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം (CSEAM) കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമായി സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളും മറ്റ് ഓൺലൈൻ സേവനങ്ങളും കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.
ഇത്തരം ഉള്ളടക്കം തിരിച്ചറിയാനും വിവിധ പ്ലാറ്റ്ഫോമുകളിൽനിന്ന് നീക്കം ചെയ്യാനും സഹായിക്കുന്ന സമഗ്രമായ ദേശീയ ഡാറ്റാബേസ് രൂപീകരിക്കുന്നതടക്കമുള്ള നടപടികളും കോടതി പരിഗണിച്ചു.
കുട്ടികളെ ഇന്റർനെറ്റിൽനിന്ന് പൂർണമായി അകറ്റുന്നതിനു പകരം, അവരെ ലക്ഷ്യമിടുന്ന കുറ്റകൃത്യങ്ങൾ തടയുകയും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഒരുക്കുകയും ചെയ്യുകയാണ് വേണ്ടതെന്നു സുപ്രീം കോടതി വ്യക്തമാക്കി.















