നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത വാഹനാപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നു.
സുഹൈൽ ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ചോദ്യം ചെയ്യലിനും മൊഴിയെടുപ്പിനും ഉള്പ്പടെ സുഹൈലിനെ കസ്റ്റഡിയില് കിട്ടിയത് രണ്ട് ദിവസം മാത്രമാണെന്നും ഇത് അന്വേഷണത്തിന് അപര്യാപ്തമാണെന്നും പ്രോസിക്യൂഷന് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.
കേസില് നിര്ണായകമായേക്കാം എന്ന് കരുതുന്ന മിനി കൂപ്പര് കാറിന്റെ ഇഡിആര് വിവരങ്ങള് ഉള്പ്പടെ ലഭിക്കുന്ന സാഹചര്യത്തില് കസ്റ്റഡി അനിവാര്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്. തുടര്ച്ചയായി നാലുദിവസം കോടതി അവധി ആയതിനാല് പ്രതികള്ക്ക് ജാമ്യം തേടി മേല്ക്കോടതികളെ സമീപിക്കാനുള്ള സാധ്യത തടസപ്പെട്ടിരിക്കുകയാണ്. സുഹൈലിന്റെ സുഹൃത്തുക്കളായ നിനവ്, ജോയല്, അമീന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്.















