Kerala

കിഫ്ബി കടമെടുപ്പ് വിവാദം; മുൻ ധനകാര്യമന്ത്രിയുടെ ആശങ്ക തള്ളി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുപോയെന്ന് രേഖകൾ!!

കിഫ്ബിയുടെ കടമെടുപ്പുമായി ബന്ധപ്പെട്ട് മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ആശങ്കകൾ മറികടന്നാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനങ്ങൾ എടുത്തതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പുറത്ത്. 2023 സെപ്റ്റംബറിൽ എഴുതിയ നോട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് അനുകൂല നിലപാട് വന്നാൽ മാത്രമേ അധിക കടമെടുപ്പും ഗ്യാരണ്ടിയും നടപ്പിലാക്കാൻ കഴിയുകയുള്ളൂ എന്നും, ഇക്കാര്യം മുഖ്യമന്ത്രി പരിശോധിക്കണമെന്നുമാണ് നോട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഈ ആശങ്കകൾ തള്ളിയാണ് കടമെടുപ്പുമായി മുന്നോട്ടുപോകാൻ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം, കിഫ്ബി മസാല ബോണ്ടില്‍ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും എതിര്‍പ്പ് അറിയിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടോം ജോസും മനോജ് ജോഷിയും എതിര്‍പ്പ് അറിയിച്ചതിന്റെ മിനുട്‌സിന്റെ പകര്‍പ്പ് പുറത്തുവന്നു. കിഫ്ബിയുടെ ബോര്‍ഡ് യോഗത്തിലായിരുന്നു ഇരുവരും എതിര്‍പ്പ് അറിയിച്ചത്.

ആഭ്യന്തര വിപണിയില്‍ നിന്ന് വായ്പയെടുക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കേണ്ടിവരുമെന്നും ഹെഡ്ജ് ചെയ്യാത്ത ബാധ്യതകള്‍ ഭാവിയില്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കിഫ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉന്നയിക്കുന്നത്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ നിരീക്ഷണങ്ങളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പറയുന്നു.