കൈക്കൂലി കേസില് തിരുവനന്തപുരം തൃക്കണ്ണാപുരം കൗണ്സിലര് എസ്.എല് അജിന്റെ വീട്ടില് വിജിലന്സ് പരിശോധന. അജിനെ ഒന്നാം പ്രതിയാക്കി നേരത്തെ എഫ്ഐആര് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വിജിലന്സ് സംഘം പരിശോധന നടത്തിയത്. തൃക്കണ്ണാപുരം വാര്ഡിലെ ഒരു യുവ സംരംഭകനില് നിന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സിപിഎം കൗണ്സിലറുമായി നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങളും ഓഡിയോ സംഭാഷണങ്ങളും പരാതിക്കാരന് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
എന്നാല് ആരോപണങ്ങള് പൂര്ണമായും അടിസ്ഥാനരഹിതമാണെന്നും തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അജിന് പറയുന്നു. സര്ക്കാര് ഭൂമിയും പുറമ്പോക്കും കൈയേറി വാണിജ്യ ആവശ്യങ്ങള്ക്ക് ഉപയോഗിക്കാനുള്ള ചിലരുടെ നീക്കങ്ങള്ക്കെതിരെ കൗണ്സിലര് എന്ന നിലയില് നടപടി സ്വീകരിച്ചതിലുള്ള പ്രതികാരമായാണ് വ്യാജ ആരോപണം ഉന്നയിച്ചതെന്നും അജിന് ആരോപിച്ചു.















