യെമനിലെ ഷബ്വാ പ്രവിശ്യയിലുള്ള സർക്കാർ സേനയുടെ പരിശീലന ക്യാംപിനു നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടു. 200 പേർക്ക് പരുക്കേറ്റു. എണ്ണ മേഖലയായ ഷബ്വാ പ്രവിശ്യയിലെ അൽ ആലം സൈനിക ക്യാംപിനു നേരെയാണ് ഹൂതികളുടെ ആക്രമണമുണ്ടായത്.
തുറമുഖ നഗരമായ മോഖ പിടിച്ചെടുത്തതിനു സമാനമായ സാഹചര്യമാണ് ഷബ്വയിലെന്നാണു റിപ്പോർട്ട്.
യെമന്റെ തെക്കൻ തീരപ്രദേശത്ത് ഏദൻ ഉൾക്കടലിനോട് ചേർന്നു കിടക്കുന്ന എണ്ണ-വാതക സമ്പന്നമായ ഷബ്വ പ്രവിശ്യയിലാണ് രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപമായ ‘ബൽഹാഫ്’ ദ്രവീകൃത പ്രകൃതിവാതക പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
ദരിദ്ര രാജ്യമായ യെമനിൽ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെയാണ് ഈ ആക്രമണം.
പരിശീലനം നടക്കുന്നതിനിടെ സൈനികർക്ക് നേരെ ഹൂതികൾ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിടുകയായിരുന്നുവെന്ന് പ്രാദേശിക ഭരണകൂട വൃത്തങ്ങൾ പറഞ്ഞു.
യെമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഷബ്വയിൽ നിന്ന് ഹൂതി നിയന്ത്രണത്തിലുള്ള അൽ ബെയ്ദയിലേക്കുള്ള റോഡ് തകർത്തു.
സംഘർഷം കണക്കിലെടുത്തു ഫ്ലൈദുബായ് അബ്ഹ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ 24 വരെ റദ്ദാക്കി. ഖത്തർ എയർവേയ്സും 24 വരെ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.















