നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ അന്വേഷണം പൂർത്തിയാക്കി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നു. അപകടത്തിന് കാരണം അമിതവേഗതയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിലവിൽ അന്വേഷണസംഘം കാറിന്റെ ഇഡിആർ (EDR) ഫലത്തിനായി കാത്തിരിക്കുകയാണ്.
കേസിലെ മുഖ്യപ്രതി സുഹൈല്‍ സജീവിന്റെ മാതാവ് നോഹ സജീവിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നൂഹ സജീവാണ് കാറിന്റെ ആര്‍സി ബുക്ക് ഉടമ. കഴിഞ്ഞദിവസം ഇവരോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച് ഒഴിവാകുകയായിരുന്നു.
അപകടസമയത്ത് മണിക്കൂറില്‍ 160 കിലോമീറ്ററിലധികം വേഗത്തിലായിരുന്നു കാര്‍ എന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ഇതിന്റെ കൃത്യമായ വിവരങ്ങളടങ്ങിയ ഇഡിആര്‍ ഫലം അന്വേഷണത്തിന്റെ മുന്നോട്ടുപോക്കിന് അത്യാവശ്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ കാര്‍ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയില്‍നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്നു മൂന്നുപേരും. ഇതിനിടെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ സ്കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
സുഹൈലിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സുഹൈല്‍ മദ്യപിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ സാഹചര്യങ്ങളും വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്.















