പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ റേസ് കോഴ്സ് പള്ളിക്ക് ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസ് (L&DO) ഒഴിപ്പിക്കല്‍ നോട്ടീസ് നല്കി. ഭൂമി കൈയേറ്റം ആരോപിച്ചാണ് ഒക്ടോബര്‍ 19ന് നോട്ടീസ് അയച്ചിരിക്കുന്നത്. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ‘അനധികൃതമാണെന്ന്’ പ്രഖ്യാപിച്ച അധികൃതര്‍, ആറ് ദിവസത്തിനുള്ളില്‍ സ്ഥലം ഒഴിഞ്ഞു പോകണമെന്ന് ഉത്തരവിട്ടു.
ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെ (NDMC) വെബ്സൈറ്റില്‍ പൈതൃക സ്വത്തായി പട്ടികപ്പെടുത്തിയിട്ടുള്ള പള്ളിയുടെ വൈദ്യുതിയും കുടിവെള്ള ബന്ധവും ഒക്ടോബര്‍ 7ന് തന്നെ വിച്ഛേദിച്ചിരുന്നു. പള്ളി സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നാണ് ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസിന്റെ വാദം. ഇതിനുപുറമെ, പള്ളിയുടെ പൈതൃക പദവിയും നിലവില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
റേസ് കോഴ്സ് പള്ളിയും അതിനോട് ചേര്‍ന്നുള്ള ഖബര്‍സ്ഥാനും സംരക്ഷിക്കുന്നതിനായി ജംഇയ്യത്ത് ഉലമാ-ഇ-ഹിന്ദ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ അടിയന്തര ഇടപെടല്‍ തേടി. സംഘടനയെ പ്രതിനിധീകരിച്ച് മുഹമ്മദ് ഹക്കീമുദ്ദീന്‍ ഖാസ്മി മന്ത്രിക്ക് നേരിട്ട് നിവേദനം സമര്‍പ്പിച്ചു.
1977ലെ ഡല്‍ഹി ഗസറ്റിലും ന്യൂനപക്ഷകാര്യ മന്ത്രാലയം സൂക്ഷിക്കുന്ന പരിഷ്കരിച്ച പട്ടികയിലും എന്‍ഡിഎംസിയുടെ പൈതൃക പട്ടികയിലും ഈ സ്ഥലം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയം സംബന്ധിച്ച നിയമപരമായ തര്‍ക്കം പരിഹരിക്കപ്പെടുന്നതുവരെ പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട തുടര്‍നടപടികളൊന്നും സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വഖഫ് ബോര്‍ഡിനോടും എന്‍.ഡി.എം.സിയോടും ജംഇയ്യത്ത് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിഷയത്തില്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മന്ത്രി കിരണ്‍ റിജിജു ഉറപ്പുനല്‍കിയതായി സംഘടന വ്യക്തമാക്കി.
കഴിഞ്ഞ ആറുമാസമായി വിഷയം ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ടെങ്കിലും യാതൊരു ഫലവും ഉണ്ടായില്ലെന്ന് പള്ളിയുടെ ഇമാമായ മുഹമ്മദ് ഹറൂണ്‍ ആരോപിച്ചു. വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതിനെതിരെ എന്‍ഡിഎംസിക്ക് കത്തെഴുതിയതല്ലാതെ പ്രശ്നം പരിഹരിക്കാന്‍ ബോര്‍ഡ് ഫലപ്രദമായ ഇടപെടലുകളൊന്നും നടത്തിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പള്ളിയിലേക്കുള്ള വഴി നിലവില്‍ അടച്ചിരിക്കുകയാണ്. കുടിവെള്ളം പോലും അകത്തേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇത് പള്ളിയിലെത്തുന്ന വിശ്വാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഷയത്തില്‍ കോടതിയെ സമീപിക്കാന്‍ വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. സ്വയം കോടതിയില്‍ പോകാന്‍ അനുമതിയും ചോദിച്ചു. എന്നാല്‍ വഖഫ് ബോര്‍ഡ് കോടതിയെ സമീപിക്കുകയോ തനിക്ക് അതിനുള്ള അനുമതി നല്‍കുകയോ ചെയ്തില്ലെന്ന് മുഹമ്മദ് ഹറൂണ്‍ പറഞ്ഞു. 2021ല്‍ നടത്തിയ സര്‍വേയില്‍ റേസ് കോഴ്സ് പള്ളിയെ ‘അനധികൃതമെന്നോ’ ‘കൈയേറ്റമെന്നോ’ അടയാളപ്പെടുത്തിയിട്ടില്ലെന്നും പള്ളി അനധികൃത സ്വത്തല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന റേസ് കോഴ്സ് റോഡിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിപുലമായ ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായാണ് പള്ളിയും ഒഴിപ്പിക്കുന്നത്. ചേരി നിവാസികളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഒഴിപ്പിക്കപ്പെടുന്ന താമസക്കാരെ 45 കിലോമീറ്റര്‍ അകലെയുള്ള ‘സവ്ദ ഘേവ്റ’ (Savda Ghevra) എന്ന പുനരധിവാസ കോളനിയിലേക്ക് മാറ്റുമെന്നും അവിടെ അവര്‍ക്ക് വിദ്യാഭ്യാസം, ഗതാഗതം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.















