സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന് പത്ത് ദിവസത്തേക്ക് സ്റ്റേ അനുവദിച്ച സുപ്രിംകോടതി ഉത്തരവ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഹൈക്കോടതിയിൽ സമർപ്പിച്ചു. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ശനിയാഴ്ച ഹൈക്കോടതി പരിഗണിച്ചേക്കും.
പിണറായി വിജയനുവേണ്ടി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ഹാജരാകുമെന്നാണ് വിവരം. കേസിലെ തുടർനടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടിയെ ചോദ്യം ചെയ്ത് പിണറായി വിജയൻ നൽകിയ ഹരജിയിലാണ് സുപ്രിംകോടതി ഇടപെട്ടത്. നേരത്തെ ഏഴ് ദിവസത്തേക്കാണ് സ്റ്റേ അനുവദിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പത്ത് ദിവസത്തേക്കാണ് സ്റ്റേ അനുവദിച്ചതെന്ന് സുപ്രിംകോടതി ഉത്തരവിൽ വ്യക്തമാക്കി.
പിണറായി വിജയന്റെയും മറ്റ് പ്രതികളുടെയും വാദം കേൾക്കാതെ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നടപടിയെ സുപ്രിംകോടതി വിമർശിച്ചു. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്നും നിർദേശിച്ചു.
ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കണക്കിലെടുത്ത് അവധിദിവസത്തിലും കോടതി വാദം കേൾക്കുകയായിരുന്നു.
വിജിലൻസ് അന്വേഷണത്തിന് താൽക്കാലിക സ്റ്റേ അനുവദിച്ചെങ്കിലും കേസിലെ എഫ്ഐആർ സുപ്രിംകോടതി റദ്ദാക്കിയിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിനും കോടതി വിലക്കേർപ്പെടുത്തിയിട്ടില്ല. അതിനാൽ, സുപ്രീംകോടതിയുടെ ഇടപെടൽ കേസിന്റെ അന്തിമ തീർപ്പല്ല. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ തുടർനടപടികൾ കേസിൽ നിർണായകമാകും.















