സിനിമകളിൽ അഭിനയിക്കുമ്പോൾ തന്റേതായ ചില വ്യക്തിപരമായ അതിരുകൾ സൂക്ഷിക്കാറുണ്ടെന്ന് നടി രശ്മിക മന്ദാന. അടുത്തിടെ രാം ചരനും ജാൻവി കപൂറും ഒന്നിച്ച ‘പെഡ്ഢി’ എന്ന ചിത്രത്തിലെ കഥാപാത്രത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്കിടയിലാണ് രശ്മികയും വിജയ് ദേവരകൊണ്ടയും തങ്ങളുടെ നിലപാടുകൾ തുറന്നുപറഞ്ഞത്. കരൺ ജോഹറുമായുള്ള അഭിമുഖത്തിലാണ് താരങ്ങൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ചില കഥാപാത്രങ്ങൾക്ക് ബിക്കിനിയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഗ്ലാമർ വേഷങ്ങളോ ആവശ്യമായി വന്നേക്കാം എന്ന് തനിക്കറിയാമെങ്കിലും അത്തരം വേഷങ്ങളോടോ സ്കിൻ ഷോയോടോ തനിക്ക് വ്യക്തിപരമായി താൽപ്പര്യമില്ലെന്ന് രശ്മിക പറഞ്ഞു.
താൻ അത്തരത്തിലുള്ള ഒരാളല്ലെന്നും തന്റെ ഈ ചോയ്സുകളെ ബഹുമാനിക്കുന്ന സംവിധായകര്ക്കൊപ്പമാണ് താൻ പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നതെന്നും രശ്മിക വ്യക്തമാക്കി. കരൺ ജോഹറുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രശ്മികയും വിജയ് ദേവരകൊണ്ടയും.
താരങ്ങൾ പലപ്പോഴും ഇത്തരം കാര്യങ്ങളിൽ മനസില്ലാമനസ്സോടെയാണെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിതരാകാറുണ്ടെന്ന് വിജയ് ദേവരക്കൊണ്ട അഭിപ്രായപ്പെട്ടു. ഒരു നടിയല്ലേ നിങ്ങൾ, കരാറിൽ ഒപ്പുവെച്ചതല്ലേ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് അഭിനേതാക്കളെ പലരും അത്തരം രംഗങ്ങൾ ചെയ്യാൻ നിർബന്ധിക്കുമെന്നും അങ്ങനെ ജോലി ശരിയായി ചെയ്യുന്നില്ലേ എന്നൊരു കുറ്റബോധം അഭിനേതാക്കൾക്ക് തോന്നിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫഷണൽ അല്ലെന്ന് മുദ്രകുത്തപ്പെടുമോ എന്ന ഭയം കാരണം പലരും വലിയ പ്രശ്നങ്ങളുണ്ടാക്കാൻ മടിക്കുന്നുവെന്നും വിജയ് കൂട്ടിച്ചേർത്തു. തനിക്ക് വിയോജിപ്പുള്ള രംഗങ്ങൾ വരുമ്പോൾ താൻ വിജയിയോട് സംസാരിക്കാറുണ്ടെന്നും, ‘ഇത് വേണ്ടെന്ന് പറയാൻ എനിക്ക് അവകാശമുണ്ടോ’ എന്ന് പലപ്പോഴും സംശയിക്കാറുണ്ടെന്നും രശ്മിക പറഞ്ഞു.















