68-ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട് തുടക്കം. വൈകീട്ട് നാലിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
നഗരത്തിൽനിന്ന് 22 കിലോമീറ്റർ അകലെയുള്ള ചാത്തമംഗലത്തെ എൻഐടി സ്റ്റേഡിയമാണ് വേദി. മേളയുടെ ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പി ടി ഉഷ ദീപം തെളിക്കും. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റും കലാവിരുന്നുമുണ്ടാകും. ആദ്യ ദിവസം മത്സരങ്ങളില്ല. നാളെ മുതലാണ് മത്സരങ്ങൾ. 31വരെയാണ് കായികമേള.
ഞായറാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് കടപ്പുറത്തെത്തുന്ന സ്വർണക്കപ്പും ദീപശിഖയും മന്ത്രി എൻ ഷംസുദ്ദീൻ ഏറ്റുവാങ്ങും. ഭിന്നശേഷി കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് കായിക മേളയ്ക്കൊപ്പം വിവിധ ഗെയിംസ് മത്സരങ്ങളും തിങ്കളാഴ്ച. അത്ലറ്റിക്സ് ചൊവ്വാഴ്ച തുടങ്ങും.
ഇക്കുറി 10 വേദികളിലായി 12 കായിക ഇനങ്ങളാണ്. ഗെയിംസ്, അത്ലറ്റിക്സ്, ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗങ്ങളിലായി പതിനായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കും. സമാപന സമ്മേളനം 31ന് വൈകിട്ട് നാലിന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് വിശിഷ്ടാതിഥിയാകും.
വടക്കൻ കേരളത്തിൽ മഴ കനത്ത ആശങ്ക ഉയർത്തുന്നതിനിടെയാണ് കായികമേളയ്ക്ക് തുടക്കമാകുന്നത്.















